കൊച്ചി: സൗമിനി ജെയിനെ മേയർ സ്ഥാനത്ത് നിന്ന് മാറ്റുന്നതിനെ ചൊല്ലിയുള്ള തർക്കം കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ പരിഗണനയിലേക്ക്. മേയറെ മാറ്റുന്ന കാര്യത്തിൽ പാർട്ടിക്കുള്ളിൽ തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്ക് പ്രശ്നത്തിൽ ഇടപെടുന്നത്. മുതിർന്ന കോൺഗ്രസ് നേതാവ് പി.സി.ചാക്കോയാണ് ഇക്കാര്യം അദ്ദേഹത്തിന്റെ ശ്രദ്ധയിൽ പെടുത്തിയത്. ചില വ്യക്തികളുടെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിനാണ് മേയറെ മാറ്റുന്നതെന്നും ഇത് പാർട്ടിയുടെ ബാധ്യതയില്ലെന്നും പി.സി.ചാക്കോ തുറന്നടിച്ചു.
# മേയർക്കെതിരെ സമ്മർദ്ദതന്ത്രം
അതിനിടെ മേയറെ രാജി വയ്പ്പിക്കുന്നതിനായി പുതിയ തന്ത്രങ്ങളുമായി എതിർപക്ഷം സജീവമായി. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ സ്ഥാനം ഒഴിയണമെന്ന് ഉമ്മൻചാണ്ടി മേയർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് എ വിഭാഗത്തിലെ മുതിർന്ന നേതാവ് കഴിഞ്ഞ ദിവസം മേയർപക്ഷത്തുള്ള മൂന്ന് കൗൺസിലർമാരെ ഫോണിൽ അറിയിച്ചു. ഇക്കാര്യം മേയറെ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു . ഡെങ്കി പനി ബാധിച്ച് തിരുവനന്തപുരത്ത് ചികിത്സയിൽ കഴിയുന്ന ഉമ്മൻചാണ്ടിയെ സന്ദർശിച്ചതിനു ശേഷമാണ് നേതാവ് ഈ വിവരങ്ങൾ കൈമാറിയത് .തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നുകഴിഞ്ഞാൽ സ്ഥാനമാറ്റം അസാദ്ധ്യമാകും. അതേസമയം കൊച്ചി പോലെ പ്രധാനപ്പെട്ട കോർപ്പറേഷനിൽ മാസങ്ങളായി തുടരുന്ന ഭരണപ്രതിസന്ധി പരിഹരിക്കുന്നതിനായി കെ.പി.സി.സി യാതൊരു ശ്രമവും നടത്താത്തതിൽ മുതിർന്ന നേതാക്കൾക്ക് കടുത്ത അമർഷമുണ്ട്.
# രാജിഭീഷണിയുമായി മേയറും
കൗൺസിലർമാരും
.
മേയർ പദവി നഷ്ടമായാൽ കൗൺസിലർ സ്ഥാനം കൂടി രാജിവയ്ക്കാനാണ് സൗമിനി ജെയിനിന്റെ തീരുമാനം. മേയർക്കു പിന്തുണയുമായി രണ്ടു സ്ഥിരംസമിതി അദ്ധ്യക്ഷരും രണ്ടു വനിതാ കൗൺസിലർമാരും കൗൺസിലർ പദവി രാജിവയ്ക്കാൻ സന്നദ്ധ അറിയിച്ചിട്ടുണ്ട്. അങ്ങനെ വന്നാൽ യു.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമാകുകയും കൊച്ചി കോർപറേഷൻ ഭരണം കൈവിട്ടുപോകുകയും ചെയ്യും.
പഞ്ചായത്ത് എംപ്ളോയീസ് ഓർഗനൈസേഷൻ സമ്മേളനവുമായി ബന്ധപ്പെട്ട് ശനിയാഴ്ച കൊച്ചിയിലെത്തിയ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ നേരിൽകണ്ട് മേയർ കാര്യങ്ങൾ ധരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും കൂടിക്കാഴ്ച നടന്നില്ല.
അച്ചടക്ക നടപടിക്കൊരുങ്ങുന്നു
രാജി വയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന എ.ബി.സാബുവിനും ഗ്രേസി ജോസഫിനുമെതിരെ അച്ചടക്കനടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് ജില്ല കോൺഗ്രസ് നേതൃത്വം . സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ കെ.വി.പി കൃഷ്ണകുമാറും ഷൈനി മാത്യുവും രാജി വച്ച ഒഴിവിലേക്കും ടി.ജെ.വിനോദ് പ്രതിനിധീകരിച്ചിരുന്ന മാമംഗലം ഡിവിഷനിലേക്കും തിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതാണ് മേയർ മാറ്റ ചർച്ചയ്ക്ക് ചൂടു പിടിക്കാൻ കാരണം.