കൊച്ചി: നഗരസഭയിലെ കെടുകാര്യസ്ഥതക്കും അഴിമതി ഭരണത്തിനുമെതിരായി എൽ.ഡി.എഫ് ഇന്ന് കോർപ്പറേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തും. ഹൈബി ഈഡൻ എം.പിയും മേയറും തമ്മിലുണ്ടായ വാക്‌പോരും കോൺഗ്രസിലുണ്ടായ ചേരിപ്പോരും നഗര ഭരണത്തെ നിശ്ചലമാക്കിയിരിക്കുകയാണ്. വെള്ളക്കെട്ട് പ്രശ്നത്തിലും റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാണിച്ചും ഹൈക്കോടതിയും രൂക്ഷ വിമർശനം ഉയർത്തി. 2019–20 വർഷത്തെ പദ്ധതികൾ പൂർത്തികരിക്കാൻ മൂന്നുമാസം മാത്രമെ അവശേഷിക്കുന്നുള്ളൂ. പല ജോലികളുടെയും ടെൻഡർ നടപടികൾ പോലും പൂർത്തികരിച്ചിട്ടില്ല. 2020ൽ പൂർത്തികരിക്കേണ്ട കേന്ദ്ര പദ്ധതികളായ സ്മാർട്ട്‌സിറ്റിയും അമൃതും ഒച്ച് ഇഴയും മട്ടാണ്. ലൈഫ് പദ്ധതിയിൽ പെടുത്തിയിട്ടുള്ള ഭൂരഹിത ഭവനരഹിതരുടെ ഒരു പദ്ധതിക്ക് പോലും തുടക്കം കുറിക്കാൻ കഴിഞ്ഞിട്ടില്ല. കൊച്ചിയിലെ 198 കുടുംബങ്ങളുടെ സ്വപ്ന പദ്ധതിയായ റേ പദ്ധതി കാരാറുകാരനുമായി ഒത്തുചേർന്ന് മേയർ അട്ടിമറിച്ചു.
ഡെങ്കിപ്പനി പടർന്നു പിടിക്കുന്നു.ഈ ഗവേൺസ് പദ്ധതി വൻ പരാജയമാണ്. ജനന മരണ സർട്ടിഫിക്കറ്റുകൾക്കും ഓണർഷിപ്പ് സർട്ടിഫിക്കറ്റുകൾക്കും ബിൽഡിംഗ് പെർമിറ്റുകൾക്കും വേണ്ടി നഗരവാസികൾ നട്ടം തിരിയുകയാണ്. അനിശ്ചിതാവസ്ഥ പരിഹരിക്കാൻ മന്ത്രിതലത്തിൽ എടുത്ത തിരുമാനങ്ങൾ നടപ്പിലാക്കുന്നില്ല. കോടികൾ മുടക്കി പണി ആരംഭിച്ച പ്രധാന ഓഫിസ് മന്ദിരത്തിന്റെ പണി പാതിവഴിയിൽ ഉപേക്ഷിച്ച അവസ്ഥയിലാണ്. നികുതി പിരിവ് കാര്യക്ഷമമായി നടക്കുന്നില്ല. വലിയ സാമ്പത്തിക പ്രതിസന്ധിയാണ് നഗരസഭ അഭിമുഖികരിക്കുന്നത്. കരാറുകാർക്ക് പണം നൽകുന്നില്ല.
ജനവിശ്വാസം നഷ്ടപ്പെട്ട മേയറോടും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരോടും സ്ഥാനം ഒഴിയാൻ ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടിട്ടും നേതൃത്വത്തെ വെല്ലുവിളിച്ച് അധികാരത്തിൽ കടിച്ചു തുങ്ങി നിൽക്കുകയാണ്.
ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് മാർച്ച് നടത്തുന്നത്.