veed
സഹപാഠിയ്ക്കായി നിർമ്മാണം പൂർത്തിയാകുന്ന വീട്

കൊച്ചി: സഹപാഠിയ്ക്ക് വീടൊരുക്കാൻ കൈകോർത്തിരിക്കുകയാണ് രണ്ടു കോളേജുകളിലെ വിദ്യാർത്ഥികൾ. രണ്ടു വർഷം മുമ്പാരംഭിച്ച് ഇടയ്ക്ക് മുടങ്ങിയ നിർമ്മാണം ഊർജിതമാക്കി എത്രയും വേഗം താക്കോൽ നൽകാൻ ഒരുങ്ങുകയാണ് ഈ കൂട്ടുകാർ.

തൃപ്പൂണിത്തുറ ഗവ.സംസ്‌കൃത കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിലാണ് സഹപാഠിക്കൊരു വീട് എന്ന പദ്ധതി ആരംഭിച്ചത്. എറണാകുളം മഹാരാജാസ് കോളേജ് യൂണിയനും കൂടെയുണ്ട്. 2017 ൽ ആരംഭിച്ച നിർമ്മാണം ഉടൻ പൂർത്തിയാക്കുമെന്ന് സംസ്‌കൃത കോളേജ് അദ്ധ്യാപകൻ അനിൽകുമാർ പറഞ്ഞു.
സംസ്‌കൃത കോളേജിലെ നാഷണൽ സർവീസ് സ്‌കീം നടപ്പാക്കിയ പദ്ധതിയാണ് 'സഹപാഠിക്കൊരു വീട്. 2017 ൽ എൻ.എസ്.എസ് വോളണ്ടിയറായിരുന്നു വിദ്യാർത്ഥിനിയുടെ അനിയൻ ഫുട്‌ബാൾ കളിക്കുന്നതിനിടെ പരിക്കുപറ്റിയ വിവരം അറിഞ്ഞ് എൻ.എസ്.എസ് വോളണ്ടിയർമാരും അദ്ധ്യാപകനും വീട്ടിലെത്തി. വിദ്യാർത്ഥിനി കൊച്ചി വാടകവീട്ടിലാണ് താമസിക്കുന്നതന്നും അച്ഛൻ മരിച്ചിട്ട് 12 വർഷമായെന്നും അവർ അറിഞ്ഞു. അപകടത്തിൽ കൈകൾക്ക് പരിക്കേറ്റ അമ്മ പെട്രോൾ പമ്പിൽ ജോലി ചെയ്ത് തുച്ഛമായ വരുമാനത്തിലാണ് മുത്തശ്ശിയും മുത്തച്ഛനും അടങ്ങുന്ന അഞ്ചംഗ കുടുംബം കഴിയുന്നത്.
640 ചതുരശ്രയടി വീടാണ് ഒരുക്കുന്നത്. താന്തോണി തുരുത്തിൽ സംഘാടകസമിതിയും രൂപീകരിച്ചു.
തുടക്കം മുതൽ തടസങ്ങൾ ഉണ്ടായി. സ്ഥലം മുത്തച്ഛന്റെ പേരിൽ നിന്നും വിദ്യാർത്ഥിനിയുടെ അമ്മയുടെ പേരിലാക്കലായിരുന്നു കടമ്പ. പട്ടയത്തിന് വീടുനമ്പർ 402 ഉം കരമടച്ച രസീതി 401 എന്നുമായിരുന്നു. ലാൻഡ് ട്രിബ്യൂണൽ വരെ പോയി തിരുത്താൻ മാസങ്ങളെടുത്തു. ചതുപ്പുനിലത്ത് തറ കെട്ടാനാകാത്തതിനാൽ കോൺക്രീറ്റ് ചെയ്തു. 2018 ലെ പ്രളയം വീടുപണിയെ പ്രതികൂലമായി ബാധിച്ചു. നിർമ്മാണം മുടങ്ങി. ലൈഫ് പദ്ധതിയിൽ ലഭിച്ച ആദ്യഗഡു ഉപയോഗിച്ചാണ് വീടുപണി വീണ്ടും ആരംഭിച്ചത്. രണ്ടാമത്തെ പ്രളയം വീണ്ടും പണിമുടക്കി.

രണ്ടാം പ്രളയത്തിനു മുമ്പ് വിദ്യാർത്ഥിനി ഉപരിപഠനത്തിന് മഹാരാജാസ് കോളേജിൽ ചേർന്നിരുന്നു. മഹാരാജാസിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും കോളേജ് യൂണിയനും ഒപ്പം ചേർന്നു. ആദ്യഘട്ടത്തിൽ വിദ്യാർത്ഥികളിൽ നിന്ന് തുക സമാഹരിച്ചതായി എസ്.എഫ്‌.ഐ യൂണിറ്റ് സെക്രട്ടറി ബോബിൻ പറഞ്ഞു. എത്രയും വേഗം വീട് പൂർത്തിയാക്കാൻ രണ്ടു കോളേജുകളും ശ്രമം തുടരുകയാണ്.

തയ്യാറാക്കിയത് : അർച്ചന മനോജ്