pava1

കോലഞ്ചേരി: ദാരിദ്ര്യത്തിന്റെ കണ്ണീരിൽ മുങ്ങിയ ബാല്യം. എട്ടാംക്ലാസിൽ പഠിത്തം മുടങ്ങിയ സങ്കടം. അമ്മാവന്റെ മകളെ മദ്യലഹരിയിൽ ഭർത്താവ് കൊലപ്പെടുത്തിയ ദുരന്തം... കണ്ണീർയാത്രയിൽ സുനിൽ എത്തിയത് ചിരിയുടെ പൂരമായ വെൻട്രിലോക്വിസം എന്ന കലാരൂപത്തിൽ!

രണ്ട് കൈയുറ പാവകളുമായി സുനിൽ ആ കലയെ ലഹരിവിരുദ്ധ യജ്ഞത്തിന് ഉപകരണമാക്കി. ഇന്ത്യയൊട്ടാകെ ആയിരത്തിലേറെ വേദികൾ. ഇപ്പോൾ ബീഹാറിലെ സ്‌കൂളുകളിൽ ലഹരിക്കെതിരെ 'നശാമുക്തി' എന്ന പാവനാടകം അവതരിപ്പിക്കുകയാണ് സുനിൽ.

കൈയുറ പാവകളായ അമ്മുവും മിന്നുവുമാണ് സുനിലിന്റെ കൂട്ടുകാർ. വെൻട്രിലോക്വിസം വിദ്യയിലൂടെ 'കാര്യം പറയുന്ന' പാവകളിലൂടെയാണ് ലഹരിവിരുദ്ധ സന്ദേശങ്ങൾ പകരുന്നത്. പാവനാടകം കുട്ടികളുടെ മനസിൽ പതിയും 12 വർഷം മുമ്പാണ് സുനിലിന്റെ അമ്മാവന്റെ മകളെ മദ്യപനായ ഭർത്താവ് കല്ലുകൊണ്ടിടിച്ച് കൊലപ്പെടുത്തിയത്. ആശുപത്രിയിൽ മൃതദേഹം ഏറ്റുവാങ്ങിയ സുനിൽ അന്നെടുത്ത പ്രതിജ്ഞയാണ് ലഹരിക്കെതിരെയുള്ള പോരാട്ടം. അങ്ങനെ 'തടവറ പണിയുന്നവർ' എന്ന റേഡിയോ നാടകം പിറന്നു.

മദ്യപാനം, മയക്കുമരുന്ന്, പരിസ്ഥിതി തുടങ്ങി 15 വിഷയങ്ങളിൽ നാടകങ്ങളെഴുതി. അവ മൊഴി മാറ്റി

കേരളത്തിനു പുറത്തും അവതരിപ്പിക്കുന്നു. കൊച്ചി എഫ്.എമ്മിനു വേണ്ടി അഞ്ഞൂറിലേറെ നാടകങ്ങൾ. സർക്കാരിന്റെ വിമുക്തി മിഷനുമായി ചേർന്ന് 400 വേദികളിൽ നാടകം അവതരിപ്പിച്ചു. ദേശീയതലത്തിൽ മൂന്ന് തെരുവുനാടകങ്ങൾ, തിരുവനന്തപുരം നഗരസഭയ്‌ക്കായി 'മാലിന്യ വിമുക്തമാക്കാം, പാരിടം സ്വർഗമാക്കാം' എന്ന പാവനാടകവും അവതരിപ്പിച്ചിട്ടുണ്ട്.

എറണാകുളം പട്ടിമ​റ്റം ചെങ്ങര സ്വദേശിയായ സുനിൽ ജോലി തേടി തിരുവനന്തപുരത്തെത്തിയ കാലത്താണ് കുട്ടികളുടെ നാടകപ്രവർത്തകനായ ബാബു തോമസ് അങ്കമാലിയെ പരിചയപ്പെടുന്നത്. വെൻട്രിലോക്വിസവും പാവനാടകവും പഠിക്കുന്നത് അദ്ദേഹത്തിൽ നിന്ന്. വെബ്‌സൈ​റ്റുകളിൽനിന്ന് വിദേശ പപ്പ​റ്റ് ഡ്രാമയെക്കുറിച്ച് കൂടുതൽ പഠനം. വെൻട്രിലോക്വിസത്തിൽ ഒരു പാവയെ ആണ് സാധാരണ ഉപയോഗിക്കുന്നത്. അതിന് രണ്ട് ശബ്ദങ്ങൾ മതി. സുനിൽ രണ്ടു പാവകളുമായി ഷോ ചെയ്തു. അതിന് തന്റേതുൾപ്പടെ മൂന്ന് ശബ്ദങ്ങൾ വേണം.

19 വർഷമായി തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിലെ താത്കാലിക ഗാർഡനറാണ്. ഭാര്യ ശ്രീദേവി. രണ്ടു മക്കളുമുണ്ട്.

വെൻട്രിലോക്വിസം

വെന്റർ (വയറ് ) ലോക്വി ( സംസാരിക്കുക ) എന്നീ ലാറ്റിൻ പദങ്ങൾ ചേരുന്നതാണ് വെൻട്രിലോക്വിസം. വയറ്റിൽ നിന്ന് സംസാരിക്കുന്നതു പോലെ തോന്നും. മുഖഭാവം മാറാതെയും ചുണ്ടുകൾ അനക്കാതെയും ശബ്ദം മാറ്റി സംസാരിക്കുന്ന വിദ്യ. അതിനനുസരിച്ച് പാവകളെ ചലിപ്പിക്കും. സംസാരിക്കുന്നത് പാവകളാണെന്ന് തോന്നും. പതിനാറാം നൂറ്റാണ്ടിലെ ഫ്രഞ്ച് രാജാവ് ഫ്രാൻസിസ് ഒന്നാമന്റെ സഹായി ആയിരുന്ന ലൂയി ബ്രാബന്റ് ആണ് ചരിത്രത്തിലെ ആദ്യ വെൻട്രിലോക്വിസ്റ്റ്.