ആലുവ: പേരിൽ എവിടെയെങ്കിലും ജോയ് എന്നുണ്ടോ. നിങ്ങളെ കാത്തിരിക്കുകയാണ് 'ജോയ്സ് ക്ളബ്'. ആലുവയിൽ ഈ സംഘടന പിറന്നിട്ട് ഒരു വർഷമായി. കഴിഞ്ഞ ദിവസമായിരുന്നു പിറന്നാളാഘോഷം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 150ഓളം ജോയിമാർ ജോളിയായെത്തി ആഘോഷം കൊഴുപ്പിച്ചു.വർക്കല എം.എൽ.എ വി. ജോയ്, ജ്വല്ലറി ഉടമ ജോയ് ആലുക്കാസ്, മുൻ എം.പിമാരായ ജോയ്സ് ജോർജ്, ജോയ് എബ്രഹാം, മുൻ എം.എൽ.എ പി.ജെ. ജോയി തുടങ്ങിയവരൊക്കെ ക്ളബ്ബിൽ അംഗങ്ങളാണ്.

• ജോയ്സ് ക്ളബ് വന്ന വഴി

ചുണങ്ങംവേലി പീടികപ്പറമ്പിൽ ജോയിക്ക് ചുണങ്ങംവേലി ജി.ടി.എൻ ടെക്സ്റ്റൈൽസിലായിരുന്നു ജോലി. സഹപ്രവർത്തകരുമായി ഒരിക്കൽ വിനോദയാത്ര പോയപ്പോൾ എണ്ണത്തിൽ 'ജോയി'മാർ മുമ്പിൽ. 700ഓളം ജീവനക്കാരുള്ള കമ്പനിയിൽ നിന്ന് 23 ജോയിമാർ ട്രിപ്പിനെത്തി. ജോയ് വിരമിച്ച ശേഷം കഴിഞ്ഞ വർഷമാണ് 'ജോയ്സ് ക്ളബ്' രൂപീകരി​ച്ചത്.

പ്രസിഡന്റ് ജോയിയും ഈ ജോയി തന്നെ. ജോയിമാർക്ക് ആർക്കെങ്കിലും ജോയ്സ് ക്ളബിൽ ചേരണമെങ്കിൽ വിളിക്കാം: 9947900646

• മുമ്പേയുണ്ട് രമണൻമാർ

ചങ്ങമ്പുഴയുടെ പ്രണയനായകൻ രമണന്റെ പേരിൽ നിലവിൽ ഒരു കൂട്ടായ്മയുണ്ട്. 2016ൽ ആരംഭിച്ച രമണീയം ട്രസറ്റിൽ അംഗത്വം രമണന്മാർക്ക് മാത്രമാണ്. ഇപ്പോൾ 66 പേരായി. കുഴൽമന്ദത്തെ എസ്.രമണൻ മുൻകൈ എടുത്തു തുടങ്ങിയ സംഘടന രമണൻ എന്ന് പേരുള്ളവർക്കായി സഹായപദ്ധതികളും നടപ്പാക്കുന്നുണ്ട്.