കൊച്ചി: പ്ളാസ്റ്റിക്കിനെതിരെയുള്ള പോരാട്ടത്തിന്റെ ഭാഗമായി പൊറ്റക്കുഴി ലിറ്റിൽ ഫ്ളവർ യു.പി സ്കൂൾനിർമ്മിച്ച തുണി സഞ്ചിചൂടപ്പം പോലെ വിറ്റുതീർന്നു. വിദ്യാർത്ഥികളും അദ്ധ്യാപകരും പി.ടി.എ യും ചേർന്നാണ് തുണി സഞ്ചി നിർമ്മാണത്തിന് തുടക്കം കുറിച്ചത് . ഇതിന്റെ ഭാഗമായി സ്കൂൾ അങ്കണത്തിൽ ഇന്നലെ നടത്തിയ പ്രദർശനത്തിൽ മുന്നൂറോളം തുണി സഞ്ചികൾ ഒരു മണിക്കൂറിനുള്ളിൽ വിറ്റുതീർന്നു. അഞ്ചു കിലോ അരി വരെ കൊള്ളുന്ന ബാഗുകൾ കൂട്ടത്തിലുണ്ടായിരുന്നു. പത്തു രൂപയുടെ കുട്ടി ബാഗുകളാണ് കൂടുതലായി വിറ്റഴിഞ്ഞത്. 10, 20, 50 എന്നിങ്ങനെയായിരുന്നു വില. അവശേഷിക്കുന്ന ഇരുനൂറ് ബാഗുകൾ സന്നദ്ധ സംഘടനകൾ വഴി വിറ്റഴിക്കാനാണ് തീരുമാനം.
പ്ളാസ്റ്റിക്കിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി രണ്ട് ആഴ്ച മുമ്പാണ് സ്കൂളിൽ രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും യോഗം വിളിച്ചുചേർത്തത്. പ്ളാസ്റ്റിക് കാരി ബാഗുകളുടെ ഉപയോഗത്തിനെതിരെ സമീപപ്രദേശത്തുള്ള കടകളിൽ വിദ്യാർത്ഥികൾ പ്രചാരണം നടത്തി. പ്ളാസ്റ്റിക്കിന് ബദലായി തുണി സഞ്ചി എന്ന ആശയം മുന്നോട്ടുവച്ചതും വിദ്യാർത്ഥികളാണ്. വിദ്യാർത്ഥികളിൽ അധികവും അന്യസംസ്ഥാനക്കാരാണ്. ചെരിപ്പ്, ബാഗ് നിർമ്മാതാക്കളായ രക്ഷിതാക്കൾ സഹായത്തിനെത്തി.. വലിയ മെഷിനുകളുൾപ്പടെയുള്ള സാമഗ്രികൾ ഇവരുടെ പക്കലുണ്ടായിരുന്നു. തുന്നൽ അറിയുന്ന കുട്ടികളും ഉത്സാഹത്തോടെ പദ്ധതിയിൽ പങ്കാളികളായി. പ്രധാന അദ്ധ്യാപിക മേരി ലില്ലി പറഞ്ഞു.
ലിറ്റിൽ ഫ്ളവർ സ്കൂളിലെ വിദ്യാർത്ഥികളുടെ ബുക്ക് മാർക്ക് സംരംഭത്തിൽ നിന്ന് കഴിഞ്ഞ വർഷം സമാഹരിച്ച 15,400 രൂപ പ്രളയദുരിതത്തിനിരയായവരെ സഹായിക്കുന്നതിനാണ് ഉപയോഗിച്ചത്. കുത്തിയതോടിലെ മൂന്ന് സ്കൂളുകളിലെ ലൈബ്രറികൾക്ക് പുതിയ പുസ്തകങ്ങൾ സംഭാവന ചെയ്തു.
തുണിസഞ്ചി വിറ്റുകിട്ടുന്ന പണം രണ്ടാം പ്രളയത്തിൽ പെട്ട സഹപാഠികൾക്കായി ചെലവഴിക്കാമെന്നാണ് വിദ്യാർത്ഥികളുടെ ആഗ്രഹം.
സഞ്ചികൾ നിർമ്മിച്ചത്.പഴയ ജീൻസ്, സാരി, നൈറ്റി, ദുപ്പട്ട തുടങ്ങിയവയിൽ നിന്ന്
ഒരു മണിക്കൂറിനുള്ളിൽ വിറ്റുതീർന്നത്.മുന്നൂറോളം തുണി സഞ്ചികൾ
ഉപകരണങ്ങളുമായി രക്ഷിതാക്കൾ
പ്രളയദുരിത ബാധിതരായ മൂന്ന് കുട്ടികളുടെ വീട്ടിലേക്ക് ഒരു മാസത്തേക്ക് ആവശ്യമായ അരിയും മറ്റു സാധനങ്ങളും
സ്കൂൾ ലൈബ്രറിയിലേക്ക് ബുക്കുകൾ വാങ്ങും