കൊച്ചി: നഗരസഭ പ്രദേശത്ത് ഡെങ്കിപ്പനി പടർന്നു പിടിക്കുകയും ഒരു മരണം സംഭവിക്കുകയും ചെയ്ത സാഹചര്യത്തിൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. കൊച്ചി നഗരസഭ ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റിയും ആരോഗ്യവകുപ്പും കഴിഞ്ഞ ദിവസം നടത്തിയ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.
എല്ലാ ഡിവിഷനുകളിലും കൊതുകിന്റെ ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിന് ഹെൽത്ത് ഇൻസ്‌പെക്ടർമാരെ ചുമതലപ്പെടുത്തി. .63,72 ഡിവിഷനുകളിൽ വരും ദിവസങ്ങളിൽ തുടർച്ചയായി ഫോഗിംഗ് നടത്തുന്നതിനും ബോധവത്ക്കരണ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിനും തീരുമാനിച്ചു.
ഡെങ്കിപ്പനി പകർത്തുന്ന ഈഡിസ് കൊതുകുകൾ വീടിനുള്ളിലും പരിസരത്തും അലക്ഷ്യമായി കിടക്കുന്ന പാഴ്‌വസ്തുക്കൾ, ചിരട്ടകൾ,ഫ്രിഡ്ജിനടിയിലെ ട്രേ,സൺഷേഡ്,എ.സി ട്രേ, പൂച്ചട്ടികൾ, ടയർ, ടർപ്പോളിൻ തുടങ്ങിയവയിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് പെരുകുന്നത്. വീടിനുള്ളിലും പരിസരത്തും കൊതുകു വളരുന്ന സാഹചര്യങ്ങൾ ഉണ്ടോയെന്ന് സ്വയം പരിശോധിച്ച് അങ്ങനെയുണ്ടെങ്കിൽ അവ ഉടനെ നീക്കം ചെയ്യണമെന്ന് ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ പ്രതിഭ അൻസാരി അറിയിച്ചു.