socialissu
ആനിക്കാട് ചിറയുടെ നവീകരണത്തിന് തുടക്കമായപ്പോൾ '

മൂവാറ്റുപുഴ: വർഷങ്ങളായി തുടരുന്ന നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമമായി. ആനിക്കാട്, വാളകം ചിറകളുടെ നവീകരണത്തിന് തുടക്കമായി. മൂവാറ്റുപുഴ -പുനലൂർ റോഡിന്റെ ഓരത്ത് നാലേക്കറോളം വരുന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആനിക്കാട് ചിറ മാലിന്യകേന്ദ്രമായി മാറിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ചെളിയും പായലും മൂടി പ്ലാസ്റ്റിക്, ജൈവമാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗശൂന്യമായ ചിറ നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.കടുത്ത വേനലിലും നിറഞ്ഞു നിൽക്കുന്നചിറ പ്രദേശവാസികളുടെ മുഖ്യ ജലസ്രോതസായിരുന്നു. അടുത്ത കാലം വരെ ആളുകൾ കുളിക്കുന്നതിനും അലക്കുന്നതിനുമുപയോഗിച്ചു വന്ന ചിറ മാലിന്യ നിക്ഷേപ കേന്ദ്രമായിത്. അഞ്ചു വർഷം മുമ്പ് പരിസ്ഥിതി സംഘടനകളുടെ നേതൃത്ത്വത്തിൽ മാലിന്യം നീക്കം ചെയ്ത് ശുദ്ധീകരിച്ചെങ്കിലും ദിവസങ്ങൾ കഴിയും മുമ്പെ പഴയപടിയാകുകയായിരുന്നു. മൂവാറ്റുപുഴ മേഖലയിലെ ഏറ്റവും വലിയ ജല സ്രോതസായ ചിറ സംരക്ഷിക്കണമെന്നാവശ്യം ശക്തമായതോടെ എൽദോ എബ്രഹാം എം.എൽ.എ മുൻകൈയെടുത്താണ് നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് .

നവീകരണപദ്ധതി തയ്യാറാക്കുന്നത് കേരള ലാൻഡ്‌ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ്. മൂന്നേക്കറോളം സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വാളകം ചിറയുടെ ഭൂരിഭാഗവും കൈയേറിയിരുന്നു. കാർഷിക മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ ജല സ്രോതസുകൾ സംരക്ഷിച്ച് കാർഷിക മേഖലക്ക് ഗുണകരമാക്കുന്ന രീതിയിലാണ് നവീകരണം നടത്തുന്നത്.

നബാർഡിന്റെ ‘ആർ.ഐ.ഡി.എഫ്.’ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണത്തിന് 2.4 കോടി

വാളകം ചിറയും നവീകരിക്കുന്നു

രണ്ട് ചിറകൾക്കും കൂടി അഞ്ച് കോടി രൂപ

#പദ്ധതി ഇങ്ങനെ

ചിറയിലെ ചെളി കോരി ആഴം കൂട്ടിയശേഷം, സംരക്ഷണഭിത്തി ബലപ്പെടും

ചിറയ്ക്ക് ചുറ്റും യു ആകൃതിയിൽ നടപ്പാത നിർമിക്കും

റോഡിൽ നിന്നുള്ള മലിനജലം ചിറയിലേക്ക്‌ ഒഴുകാതിരിക്കാൻ ഓട നിർമിക്കും

ഇരിപ്പിടങ്ങളും, പൂന്തോട്ടവും ,ലൈറ്റുകളും സ്ഥപിക്കും