മൂവാറ്റുപുഴ: സവാള ,ഉള്ളി വില വർധനവിനെതിരെ ഒറ്റയാൾ സമരവുമായി സൈയ്തു കുഞ്ഞ്. ജന്മനാ ബധിരനും മൂകനുമായ കാവുങ്കരമഠത്തിൽ സൈയ്തു കുഞ്ഞാണ് കഴുത്തിൽ സവാള മാല അണിഞ്ഞ് പ്രതിക്ഷേധിച്ചത്. കഴിഞ്ഞ ആഴ്ച്ച
ഉള്ളിക്ക് 165 രൂപയായിരുന്നു വില. സവാളക്ക് 110 കടന്നു. നിത്യോപയോഗ സാധനമായ ഇവയുടെ വില വർദ്ധനവ് സാധാരണക്കാർക്ക് താങ്ങാനാവില്ലന്നും, വില വർദ്ധന പിടിച്ചു നിറുത്താൻ നടപടി സ്വീകരിക്കണമെന്നും ആവശ്യപെട്ടായിരുന്നു മാർക്കറ്റ് ബസ് സ്റ്റാൻഡ് പരിസരത്ത് ഒറ്റയാൾ സമരം നടത്തിയത്. കർഷകന് അർഹമായ വില ലഭിക്കുന്നില്ലന്നും കുത്തകകൾക്കും ഇടനിലക്കാർക്കുമാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നതെന്നാണ് സൈയ്തു കുഞ്ഞിന്റെ പക്ഷം. വില വർദ്ധനവിനെതിരെ നോട്ടീസ് വിതരണവും നടത്തി. എഫ്.എ.സി.ടി.യിൽ നിന്നും റിട്ടയർ ചെയ്ത സൈയ്തു കുഞ്ഞ് പ്രളയത്തിൽ പെട്ടവരെ സഹായിക്കുവാനായി ചെരുപ്പ് പോളിഷ് ചെയ്തു പണം കണ്ടെത്തി നൽകിയതുൾപെടെ നിരവധി പ്രവർത്തനങ്ങൾ നടത്തി ജന ശ്രദ്ധ നേടിയയാളാണ് .