അങ്കമാലി: പൊലീസുകാരനെ അക്രമിച്ച് രക്ഷപ്പെട്ട വധശ്രമക്കേസിലെ പ്രതിയെ അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തു. മേരിഗിരി പൈനാടത്ത് വീട്ടിൽ സോമി (28) ആണ് അറസ്റ്റിലായത്. താബോറിൽ വെച്ച് സ്വകാര്യബസ് തടഞ്ഞുനിർത്തി ജീവനക്കാരെയും യാത്രക്കാരെയും നാട്ടുകാരനെയും മാരകായുധങ്ങളുമായി അക്രമിച്ച കേസിലെ
പ്രതിയാണ്. സംഭവത്തിനുശേഷം അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ ചികിത്സ തേടിയ ഇയാൾ കാവൽ നിന്നിരുന്ന പൊലീസുകാരനെ ആക്രമിച്ച് രക്ഷപെടുകയായിരുന്നു.
ആലുവ ഡിവൈ.എസ്.പി. ജി. വേണുവിന്റെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് തമിഴ്‌നാട് വനമേഖലയിൽ നിന്ന് ഇയാളെ പിടികൂടിയത്. കേസിലെ മറ്റുപ്രതികൾ
നേരത്തെ അറസ്റ്റിലായിരുന്നു. അങ്കമാലി സർക്കിൾ ഇൻസ്‌പെക്ടർ മുഹമ്മദ് റിയാസ്, എസ്.ഐ ജി. അരുൺ, എ.എസ്.ഐ അഷറഫ്, പൊലീസ് ഉദ്യോഗസ്ഥരായ റോണി അഗസ്റ്റിൻ, സലിൻകുമാർ, ബെന്നി എന്നിവരുൾപ്പെട്ട സംഘമാണ് സോമിയെ പിടികൂടിയത്.