അങ്കമാലി: തുറവൂർ സർവീസ് സഹകരണ ബാങ്കിലെ ആറായിരത്തിലേറെ സഹകാരികളുടെ അംഗത്വം നഷ്ടമായി. നിലവിലെ ഭരണസമിതിയിലെ സിനോ ബേബി, എം.ആർ. രതീഷ് എന്നിവരും ഇവരിൽപ്പെടുന്നു. അംഗത്വം നഷ്ടമാക്കിയ ഭരണസമിതിക്കെതിരെ ഡിസംബർ 8ന് ചേരുന്ന സംഘം പൊതുയോഗത്തിൽ പ്രതിഷേധത്തിനൊരുങ്ങുകയാണ് സഹകാരികൾ.
2018 നവംബറിൽ ചേർന്ന സംഘം പൊതുയോഗമെടുത്ത തീരുമാനമാണ് ഇത്രയുമധികം സഹകാരികളുടെ അംഗത്വം ഒറ്റയടിക്ക് റദ്ദാവാൻ കാരണം. 2019 നവംബർ 18നാണ് സഹകാരികൾ അയോഗ്യരായത്. 10 രൂപയുടെ 5 ഓഹരി വീതമായിരുന്നു ഓരോ സഹകാരിക്കും തുറവൂർ സർവീസ് സഹകരണ ബാങ്കിൽ ഉണ്ടായിരുന്നത്. നവംബറിൽ നടന്ന സംഘത്തിന്റെ പൊതുയോഗ തീരുമാനമനുസരിച്ച് സഹകാരികളുടെ ഓഹരികളുടെ എണ്ണം 5ൽ നിന്ന് 10 ആയി വർദ്ധിപ്പിച്ചു. ഇതോടെ ബാങ്കിൽ അംഗമായി തുടരണമെങ്കിൽ സഹകാരികൾ 100 രൂപയുടെ ഓഹരികൾ എടുക്കണം. നാളിതുവരെ ബാങ്കിൽ അംഗങ്ങളായ സഹകാരികൾ 50 രൂപകൂടി സംഘത്തിൽ അടച്ചാലം മെമ്പർഷിപ്പ് നിലനിൽക്കുകയുള്ളു. സംഘത്തിന്റെ ഓഹരി വർദ്ധിപ്പിച്ച വിവരം യഥാസമയം സഹകാരികളെ അറിയിക്കാൻ ഭരണസമിതി തയ്യാറാകാതിരുന്നതിനാൽ 10രൂപയുടെ 5 ഓഹരി ഉണ്ടായിരുന്ന സഹകാരികളായ 6806 പേരുടെ അംഗത്വം നഷ്ടമായി.
കോൺഗ്രസ് നേതൃത്വംകൊടുക്കുന്ന ഭരണസമിതിയാണ് എഴുപതു വർഷമായി സംഘത്തിന്റെ ഭരണം കയ്യാളുന്നത്.