lucy

കൊച്ചി: സഭ അധോലോകത്തെ പോലെയാണ് പ്രവർത്തിക്കുന്നതെന്ന് സിസ്റ്റർ ജെസ്മി. ദൈവവിളി കിട്ടി മഠത്തിലെത്തുന്നത് ഒരു ശതമാനം ആളുകൾ മാത്രമാണ്. ചില താത്പര്യങ്ങളോടെയാണ് മറ്റുള്ളവർ ആത്മീയത തിരഞ്ഞെടുക്കുന്നത്. സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ ഇക്കാര്യങ്ങൾ ശരിവയ്ക്കുന്നതാണ്. അതേസമയം, മനസിൽ നന്മയുള്ള കന്യാസ്ത്രീകളും വൈദികരും സഭയിലുണ്ട്. എന്നാൽ, ഇവരെല്ലാം പലതും ഒളിച്ച് വയ്ക്കുന്നു. പുറത്ത് പറഞ്ഞാൽ ജീവൻ തന്നെ അപായപ്പെടുമെന്ന ഭീതിയാകാം കാരണം. സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയായ 'കർത്താവിന്റെ നാമത്തിലെ' വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സിസ്റ്റർ ജസ്മി 'ഫ്ളാഷി'നോട് സംസാരിക്കുന്നു:

ഞാൻ 10 വർഷം മുമ്പ് പറഞ്ഞു
പത്ത് വർഷം മുമ്പ് ഞാൻ പറഞ്ഞ കാര്യങ്ങൾ അടിവരയിടുന്നതാണ് സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥയിലുള്ളത്. ഇതിൽ പറയുന്ന കാര്യങ്ങൾ സത്യമെന്നാണ് വിശ്വസിക്കുന്നത്. സിസ്റ്റർ ലൂസിയുമായി ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. അവരുടെ അനുഭവമാണ് ഇതെല്ലാമെന്നായിരുന്നു മറുപടി. അടുത്തിടെ പുറത്തിറങ്ങിയ ആത്മകഥകളിലും തുറന്ന് പറച്ചിലുകളിലും ഉള്ളതിനേക്കാൾ കൂടുതൽ സത്യം 'കർത്താവിന്റെ നാമത്തിലു'ണ്ടെന്ന് ഞാൻ മനസിലാക്കുന്നു. കാരണം, പല കാര്യങ്ങളും ഞാൻ നേരത്തെ പറഞ്ഞത് തന്നെയാണ്. എന്നാൽ, തിരുവസ്ത്രം ഉപേക്ഷിക്കുകയും സഭയ്ക്കുള്ളിലെ ദുരനുഭവങ്ങൾ തുറന്ന് പറയുകയും ചെയ്തിട്ട് പത്ത് വർഷം വേണ്ടിവന്നു,​ മറ്റൊരാൾക്ക് ഇതേകാര്യങ്ങൾ വെളിപ്പെടുത്താൻ. മറ്റ് പലരുടെയും ആത്മകഥ ആത്മകഥയായി തോന്നിയിട്ടില്ല. അതിലൊക്കെ സഭയ്ക്ക് എതിരെയുള്ള കാര്യങ്ങൾ എണ്ണിയെണ്ണി പറയുക മാത്രമാണ് ചെയ്യുന്നത്. ആത്മകഥയെന്നാൽ അത് എഴുതുന്ന ആളുടേതാണ്. സിസ്റ്റർ ലൂസിയുടെ ആത്മകഥയിൽ പുറത്ത് വന്ന ഭാഗങ്ങളെല്ലാം വായിച്ചു.

ഭീതിമൂലം പറയില്ല
സഭയിൽ ഉണ്ടായിരിക്കെ ഒരു കന്യാസ്ത്രീ ഗർഭപാത്രം നീക്കം ചെയ്യുന്നതിനെ എതിർത്തു. ഇതിനെക്കുറിച്ച് ഹോസ്റ്റൽ മേധാവിയായ സിസ്റ്ററെ നേരിൽ കണ്ട് കാര്യം അന്വേഷിച്ചു. എന്നാൽ, മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു. ഈ സിസ്റ്റർ ഇപ്പോൾ ഉന്നതപദവിയിലിരിക്കുകയാണ്. ഇത്തരം ആളുകൾ സഭയിലുള്ളപ്പോൾ എങ്ങനെയാണ് അനീതികൾ പുറത്തുവരിക? 3800ലധികം കന്യാസ്ത്രീകളാണ് കേരളത്തിലുള്ളത്. ഇതിൽ ഏറിയവരും കാര്യങ്ങളെല്ലാം ഭീതിമൂലം പുറത്ത് പറയാതിരിക്കുകയാണ്. ഒരുപക്ഷേ, ഇവരിൽ ആരെങ്കിലും ഒരാൾ തുറന്ന് പറയാൻ തയാറായാൽ അവരെ പിന്നെ സഭ ശത്രുവിനെ പോലെ കാണുകയുള്ളൂ. ഞാൻ എന്ന് ഒന്നുമല്ലാതാകുന്നോ അന്ന് എനിക്കെതിരെ ഇവർ തിരിയുമെന്ന് ഉറപ്പാണ്. ഇക്കാര്യം ഒരാൾ നേരിട്ട് പറഞ്ഞിട്ടുമുണ്ട്.

അന്നുമുണ്ട്, ഇന്നുമുണ്ട്
സഭയ്‌ക്കെതിരെ പറയുന്നവരെ ഏതുവിധനേയും ഒതുക്കുകയാണ് പൊതുവേ ചെയ്യുന്നത്. സഭയിൽ നിന്നും പുറത്ത് വന്നപ്പോൾ എന്നെയും അടിച്ചമർത്താൻ ശ്രമിച്ചിരുന്നു. അതിനെ ഭയക്കാതെ മുന്നോട്ട് പോകുകയാണ് ചെയ്തത്. ഇപ്പോൾ സിസ്റ്റർ ലൂസിക്കെതിരെയും ഇത്തരം ശ്രമങ്ങൾ നടന്നുവരുന്നു. ആത്മകഥ പുറത്ത് വന്നതിന് പിന്നാലെ ഇത്തരം അടിച്ചമർത്തലുകൾ കൂടിയിട്ടുണ്ട്. നവമാദ്ധ്യമങ്ങളിലൂടെയാണ് ആക്രമണം. സഭയ്ക്കുള്ളിൽ നിന്ന് ഇതിനെ എല്ലാം ചെറുക്കാൻ സിസ്റ്ററിന് കഴുന്നു എന്നത് വലിയ കാര്യമാണ്.

(തൃശൂർ സെന്റ് മേരീസ് കോളേജ് പ്രിൻസിപ്പലായി സേവനം ചെയ്തിരുന്ന സിസ്റ്റർ ജെസ്മി 2008ലാണ് മുപ്പത്തിമൂന്ന് വർഷം നീണ്ട സന്യാസജീവിതം ഉപേക്ഷിച്ചത്)