കോലഞ്ചേരി: മഴുവന്നൂരിലെ കർഷകർക്കാശ്വാസമായി മഞ്ചനാട് വലിയ തോടിന്റെ ആഴം കൂട്ടുന്നു. തോടിൽ ചെളി നിറഞ്ഞതോടെ നീരൊഴുക്ക് നിലച്ച് കുറ്റിപിള്ളി, ചെറുനെല്ലാട് ,മംഗലത്ത്‌നട പാട ശേഖരങ്ങളിലെ ഇരുന്നൂറോളം ഏക്കറിൽ കൃഷി മുടങ്ങിയതിനെ തുടർന്നാണ് തോട് ആഴം കൂട്ടാൻ തീരുമാനിച്ചത്. പഞ്ചായത്തിലെ ഏറ്റവും വലിയ തോടാണിത്. കുറ്റിപിള്ളി മുതൽ മഞ്ചനാട് പമ്പ് ഹൗസ് വരെയുള്ള ഭാഗത്താണ് തോടിന്റെ ആഴവും, വീതിയും കൂട്ടി മിഷീൻ ഉപയോഗിച്ച് ചെളി നീക്കം ചെയ്യുന്നത്. ഇതോടെ കർഷകർക്ക് കൃഷി പുനരാരംഭിക്കാൻ കഴിയും.
ഇതോടെ പഞ്ചായത്തിലെ കൃഷി മുടങ്ങിയ സ്ഥലങ്ങളിൽ സുഗമമായി നെൽ കൃഷി നടത്തുവാൻ കഴിയും. കർഷകരുടെ ദീർഘ കാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരം കണ്ടിരിക്കുന്നത്. പദ്ധതിയുടെ നിർമാണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അമ്മുക്കുട്ടി സുദർശനൻ നിർവഹിച്ചു. വൈസ് പ്രസിഡന്റ് അനു ഇ.വർഗീസ് അദ്ധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അരുൺ വാസു, വികസന കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷൈനി കുര്യാക്കോസ്, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ നളിനി മോഹനൻ, സീബ വർഗീസ്, പാടശേഖര സമിതിയുടെ പ്രസിഡന്റുമാരായ സണ്ണി തോമസ്, എൽദോ മാത്യു, മുൻ പഞ്ചായത്ത് അംഗം ബിജി സാജു തുടങ്ങിയവർ നേതൃത്വം നൽകി.
25 ലക്ഷം ചിലവ്
പഞ്ചായത്തിന്റെ വർഷിക പദ്ധതിയിൽ നിന്ന്