കൊച്ചി: നഗരസഭയിലെ ഭരണകെടുകാര്യസ്ഥതക്ക് മേയർ അടക്കമുള്ളവരെ അധികാരത്തിൽ കയറ്റി ഇരുത്തിയിരിക്കുന്ന കോൺഗ്രസ് സമാധാനം പറയണമെന്ന് സി.പി.എം ജില്ല സെക്രട്ടറി സി.എൻ.മോഹനൻ പറഞ്ഞു. ജനങ്ങളോടും സമൂഹത്തോടും ഉത്തരവാദിത്വമില്ലാത്ത ഭരണനേതൃത്വമായി നഗരസഭ മാറി.അറബിക്കടലിന്റെ റാണിയെ മാലിന്യ റാണിയാക്കിയ ഭരണമാണ് നാലുവർഷംകൊണ്ട് യു.ഡി.എഫ് നടത്തിയത്. എൽ.ഡി.എഫ് നഗരസഭ ഓഫീസിലേക്ക് നടത്തിയ മാർച്ച് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നഗരം വെള്ളത്തിൽ മുങ്ങിയപ്പോൾ ഭരണ നേതൃത്വം കൈയുംകെട്ടി നോക്കിയിരുന്നു. മുഖ്യമന്ത്രി ഇടപെട്ട് ബ്രേക്ക് ത്രൂ പദ്ധതി നടപ്പാക്കിയാണ് പ്രശ്നം പരിഹരിച്ചത്. കോൺഗ്രസിലെ തന്നെ പലപാർട്ടികളുടെ ഭരണമാണ് നഗരസഭയിൽ നടക്കുന്നത്. പല വിഭാഗങ്ങളായി തിരിഞ്ഞ് തമ്മിൽ തല്ലുന്ന സ്ഥിതി. അതിന്റെ ഭാഗമായാണ് പല പദ്ധതികളും മുടങ്ങികിടക്കുന്നത്.
ജനങ്ങളോടും സമൂഹത്തോടും ഉത്തരവാദിത്വമില്ലാത്ത ഭരണനേതൃത്വമായി നഗരസഭ മാറിയെന്നും സി എൻ മോഹനൻ പറഞ്ഞു. സി.പി.എ ജില്ല സെക്രട്ടറി പി.രാജു അദ്ധ്യക്ഷനായി. ഭരണത്തിലെ വീഴ്ചകൾ ഓരോന്നും അക്കമിട്ട് നിരത്തി പ്രതിപക്ഷ നേതാവ് കെ.ജെ.ആന്റണി കുറ്റപത്രം അവതരിപ്പിച്ചു.
സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം സി .എം .ദിനേശ് മണി, എൽ.ഡി.എഫ് ജില്ലാ കൺവീനർ ജോർജ് ഇടപ്പരത്തി, എൻ.സി.പി ജില്ലാ പ്രസിഡന്റ് എം .എം .അശോകൻ, സാബു ജോർജ്, ബി .എ .അഷ്‌റഫ്, സി. ചാണ്ടി, അനിൽ ജോസ്, എൻ .എ .മുഹമ്മദ് നജീബ്, അഡ്വ. ഷൈസൻ മാങ്ങഴ, എം.എൽ.എമാരായ കെ ജെ മാക്‌സി, ജോൺ ഫെർണാണ്ടസ്, അഡ്വ. മനു റോയ് എന്നിവർ സംസാരിച്ചു.