മൂവാറ്റുപുഴ: ക്ഷീര വികസന വകുപ്പിന്റെയും, ക്ഷീര സഹകരണ സംഘങ്ങളുടെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന ജില്ലാ ക്ഷീര സംഗമം മൂവാറ്റുപുഴയിൽ സംഘടിപ്പിച്ചിരിക്കുന്നു. ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട 3000-ത്തോളം ക്ഷീര കർഷകർ പങ്കെടുക്കും. മേളയുടെ വിജയത്തിനായി ചേർന്ന യോഗം എൽദോ എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു.കല്ലൂർക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീന സണ്ണി അദ്ധ്യക്ഷത വഹിച്ചു. മിൽമ എറണാകുളം മേഖല ചെയർമാൻ ജോൺ തെരുവത്ത് ചെയർമാനായി സ്വാഗതസംഘം രൂപീകരിച്ചു. ആയവന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെബി ജോസ്, കല്ലൂർക്കാട് ക്ഷീരസംഘം പ്രസിഡന്റ് ഷാജി ജോസഫ്, മിൽമ മുൻചെയർമാൻ ടി.പി.മർക്കോസ്, മേക്കാലടി ക്ഷീരസംഘം പ്രസിഡന്റ് ടി.പി.ജോർജ്, ആപ്‌കോസ് പ്രസിഡന്റ് എബ്രഹാം, സെക്രട്ടറി പയസ് മതേയ്ക്കൽ, ഷാജി കുടിയിരിപ്പിൽ, ടോയിസ്.കെ.ജോർജ്, മോനുദാസ് എന്നിവർ പ്രസംഗിച്ചു. ഈ മാസം 19 മുതൽ 21 വരെ കല്ലൂർക്കാടും, മൂവാറ്റുപുഴ ടൗൺ ഹാളിലുമായിട്ടാണ് സംഗമം നടക്കുന്നത്. കന്നുകാലി പ്രദർശനം, ഡയറി എക്‌സിബിഷൻ, ശിൽപ്പശാല, സെമിനാർ, ക്ഷീര കർഷകരെ ആദരിക്കൽ എന്നിവ സംഗമത്തോടനുബന്ധിച്ച് നടക്കും.