പറവൂർ : പ്രളയത്തിൽ വീട് പൂർണ്ണമായും നഷ്ടപ്പെട്ട് ദുരിതത്തിലായ കുടുംബത്തിന് സാങ്കേതിക കാരണങ്ങൾ പറഞ്ഞ് നഷ്ടപരിഹാര തുക നിഷേധിച്ച വില്ലേജ് ഓഫീസർക്ക് സ്ഥലംമാറ്റം. വടക്കേക്കര വില്ലേജ് ഓഫീസറെയാണ് കണയന്നൂർ വില്ലേജ് ഓഫീസിലേക്ക് ജില്ലാ കളക്ടറുടെ ഇടപെടൽ മൂലം സ്ഥലം മാറ്റിയത് . പ്രളയത്തിൽ വീട് പൂർണ്ണമായും തകർന്ന വടക്കേക്കര പഞ്ചായത്ത് കുഞ്ഞിത്തൈ സ്വദേശി സജീവിനും കുടുംബത്തിനുമാണ് വില്ലേജ് ഓഫീസറുടെപിടിവാശി മൂലം നീതി നിഷേധിക്കപ്പെട്ടത്. പ്രളയത്തിൽ വെള്ളം വീട്ടിലേക്ക് കയറിത്തുടങ്ങിയതോടെ സജീവനും ഭാര്യയും മകളും ക്യാമ്പിൽ അഭയം തേടിയിരുന്നു. പഞ്ചായത്ത് ചുമതലപ്പെടുത്തിയ സംഘം വീട് പരിശോധിച്ച് വിലയിരുത്തി പൂർണ്ണ നാശനഷ്ടത്തിൽ ഉൾപ്പെടുത്തി. പിന്നീടുണ്ടായ പരിശോധനയിൽ പ്രളയത്തിനു മുമ്പ് വീട് പൊളിച്ചതായി വില്ലേജ് ഓഫീസർ റിപ്പോർട്ട് എഴുതിയതോടെയാണ് ആനുകൂല്യങ്ങൾ നഷ്ടപ്പെട്ടത്. കുടുംബത്തിന്റെ ദുരവസ്ഥ പത്രവാർത്തയായതോടെ. മന്ത്രിയുടെ ഓഫീസിൽ നിന്നുള്ള നിർദ്ദേശപ്രകാരം സജീവനെ കളക്ടറേറ്റിൽ വിളിച്ചു വരുത്തി ഡെപ്യൂട്ടി കളക്ടർ തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് ശേഷം സജീവിന് വീട് പണിയാൻ ധനസഹായം അനുവദിച്ച് കളക്ടർ ഉത്തരവിറക്കി. തുടർന്നാണ് വില്ലേജ് ഓഫീസറുടെ അനാസ്ഥ കണക്കിലെടുത്ത് സ്ഥലം മാറ്റിയത്.