സാങ്കേതികവിദ്യ സാമൂഹിക ക്ഷേമത്തിന്.

കൊച്ചി: സാമൂഹിക ക്ഷേമത്തിന് ആധുനിക സാങ്കേതികവിദ്യ വിനിയോഗിക്കാൻ കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് നടപ്പാക്കുന്ന 'സ്പർശ് 'പദ്ധതി കേന്ദ്രമായി കളമശേരിയിലെ മേക്കർ വില്ലേജിനെ തിരഞ്ഞെടുത്തു. പ്രതിരോധ വകുപ്പിന്റെ സ്റ്റാർട്ടപ്പ് പങ്കാളിയായി തിരഞ്ഞെടുത്തതിന് പിന്നാലെയാണ് മേക്കർ വില്ലേജ് മറ്റൊരു സുപ്രധാന നേട്ടം കൈവരിക്കുന്നത്.

അന്തരീക്ഷ മലിനീകരണത്തിനെതിരായ പോരാട്ടം, കാർഷിക സാങ്കേതികവിദ്യ എന്നീ മേഖലകളിൽ നൂതന ഉപകരണങ്ങൾ വികസിപ്പിക്കുന്നതിനാണ് മേക്കർ വില്ലേജിന് 'സ്പർശ് ' കേന്ദ്രത്തിനുള്ള അനുമതി ലഭിച്ചത്. സംസ്ഥാന സർക്കാരിന്റെ സ്ഥാപനമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് കേരളയുടെ (ഐ.ഐ.ഐ.ടി.എം.കെ) കീഴിലുള്ള ഇലക്ട്രോണിക് ഹാർഡ്‌വെയർ ഇൻകുബേറ്ററാണ് ഇന്റഗ്രേറ്റഡ് സ്റ്റാർട്ടപ്പ് സമുച്ചയത്തിൽ പ്രവർത്തിക്കുന്ന മേക്കർ വില്ലേജ്.

ധനസഹായം, ഗ്രാന്റ്

കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലെ ബയോടെക്‌നോളജി വകുപ്പാണ് സോഷ്യൻ ഇന്നവേഷൻ പ്രോഗ്രാം ഫോർ പ്രൊഡക്ട്‌സ്: അഫോർഡബിൾ ആൻഡ് റെലവന്റ് ടു സൊസൈറ്റൽ ഹെൽത്ത് (സ്പർശ്) പദ്ധതി ആരംഭിച്ചത്. വിശദമായ പദ്ധതി രേഖ അടിസ്ഥാനമാക്കിയാണ് സ്പർശ് കേന്ദ്രങ്ങൾ അനുവദിക്കുന്നത്.

മൂന്നു വർഷമാണ് സ്പർശ് പദ്ധതിയുടെ കാലാവധി. ആദ്യ 16 മാസം അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന ഉപകരണങ്ങൾ വികസിപ്പിക്കാൻ സഹായം നൽകും. കരാറൊപ്പിട്ട് രണ്ട് മാസത്തിനകം ഓരോ മേഖലയിലും 5 ഫെലോകളെ വീതം മേക്കർ വില്ലേജിന് നിയമിക്കാം. ഇവർക്ക് 18 മാസത്തേക്ക് പ്രതിമാസം 50,000 രൂപ വീതം സഹായം ലഭിക്കും. അഞ്ച് ലക്ഷം രൂപ ഒറ്റത്തവണയായി ഗ്രാന്റും നൽകും.

ഉത്പന്നത്തിന്റെ രൂപകല്പന, മാതൃക നിർമ്മാണം തുടങ്ങിയവ 16 മാസത്തിനകം പൂർത്തിയാക്കണം. ഓരോ ഘട്ടത്തിലും അഞ്ച് ഗഡുക്കളായി തിരിച്ചാണ് സാമ്പത്തിക സഹായം നൽകുന്നത്.

കാർഷിക സാങ്കേതിക ഉപകരണങ്ങൾ നിർമ്മിക്കുന്ന രണ്ടാംഘട്ടം ആദ്യ ഘട്ടം തുടങ്ങി 16ാം മാസത്തിൽ ആരംഭിക്കും.

പ്രാധാന്യം ആരോഗ്യമേഖലയ്ക്ക്

മാതൃശിശു ആരോഗ്യ പദ്ധതി, വാർദ്ധക്യകാല ആരോഗ്യം, പോഷകാഹാര മേഖല, മുലമുള്ള മാലിന്യം, അന്തരീക്ഷ മലിനീകരണത്തിനെതിരെയുള്ള പോരാട്ടം, കാർഷിക സാങ്കേതികവിദ്യ എന്നീ മേഖലകളിലാണ് സ്പർശ് കേന്ദ്രം തുടങ്ങുന്നത്.

സ്റ്റാർട്ടപ്പുകൾക്ക് സുവർണാവസരം

അന്തരീക്ഷ മലിനീകരണം, കാർഷിക സാങ്കേതികവിദ്യ എന്നിവയിലധിഷ്ഠിതമായി പ്രവർത്തിക്കുന്ന ഹാർഡ്‌വെയർ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് സുവർണാവസരമാണ് സ്പർശ് കേന്ദ്രത്തിലൂടെ ലഭിക്കുക. സാമ്പത്തിക സഹായവും വിദഗ്ദ്ധരുടെ മാർഗനിർദ്ദേശങ്ങളും ലഭിക്കുമെന്നതും സ്പർശിന്റെ പ്രത്യേകതയാണ്.

പ്രസാദ് ബാലകൃഷ്ണൻനായർ

സി.ഇ.ഒ, മേക്കർ വില്ലേജ്

രണ്ട് കോടി രൂപയുടെ സഹായം പദ്ധതിയിൽ സംരംഭകർക്ക് ലഭിക്കും.