കൊച്ചി: കൊതുകു നശീകരണം ഫലപ്രദമാകണമെങ്കിൽ ഉറവിടനശീകരണത്തിൽ വ്യക്തിഗതശ്രദ്ധ ഉണ്ടാകണമെന്ന് ജില്ലാ കളക്ടർ എസ്. സുഹാസ് പറഞ്ഞു. ജില്ലയിൽ കൊതുക് നശീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിന്റെ ഭാഗമായി ഗാന്ധിനഗർ ഉദയ കോളനി പരിസരം സന്ദർശിക്കുകയായിരുന്നു അദ്ദേഹം. ബോധവത്കരണവും കൊതുകു നിയന്ത്രണ പ്രവർത്തനങ്ങളും ഫലപ്രദമായി നടപ്പാക്കുന്നതിന് ആരോഗ്യ വകുപ്പിന് സ്‌പോൺസർഷിപ്പിലൂടെ ഒരു ലക്ഷം രൂപ അടിയന്തരമായി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. പനി വന്നാൽ ഉടനെ ചികിത്സ തേടണം.

ഉദയ കോളനി പ്രദേശത്തെ വീടുകളിൽ കളക്ടറുടെ നേതൃത്വത്തിലുള്ള ആരോഗ്യ വകുപ്പ് സംഘം സന്ദർശനം നടത്തി. ബോധവത്കരണം നടത്തുകയും ലഘുലേഖകൾ വിതരണം ചെയ്യുകയും ചെയ്തു. അഡീഷണൽ ഡി .എം. ഒ ഡോ.എസ്.ശ്രീദേവി, കൗൺസിലർ പൂർണിമ നാരായണൻ, ജില്ലാ ഹെൽത്ത് ഓഫീസർ പി.എൻ.ശ്രീനിവാസൻ, മലേറിയ ഓഫീസർ എം.സുമയ്യ, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.മാത്യൂസ് നമ്പേലി തുടങ്ങിയവർ പങ്കെടുത്തു.

പനി നീണ്ടു നിൽക്കുകയാണെങ്കിൽ ആരോഗ്യ പ്രവർത്തകരെ വിളിക്കാം 0484 -2373616.

# വീടുകൾക്കും ഡ്രൈഡേ ആചരിക്കാം

വീടിനുള്ളിലെ അലങ്കാരച്ചെടി വളർത്തലും മറ്റും കൊതുക് വളരാൻ കാരണമാകുന്നില്ലെന്ന് ഉറപ്പാക്കണം. ഉപയോഗശൂന്യമായ പാത്രങ്ങൾ, ചിരട്ട, ടയറുകൾ, കുപ്പികൾ മുതലായവ വീട്ടുപരിസരങ്ങളിൽ നിന്നും നീക്കം ചെയ്യണം. ഇടക്കിടെ ഓരോരുത്തരും വീടുകളിൽ ഡ്രൈ ഡേ ആചരിക്കണം. വാടകക്ക് താമസിക്കുന്നവരും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്ന് കളക്ടർ പറഞ്ഞു.

കൊതുകിനെ നശിപ്പിക്കുന്നതിനായി ആരോഗ്യവകുപ്പ് നടത്തുന്ന ഫോഗിംഗ് അടക്കമുള്ള വിവിധ പ്രവർത്തനങ്ങളിൽ പൊതുജനങ്ങൾ സഹകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എൻ.കെ.കുട്ടപ്പൻ അഭ്യർത്ഥിച്ചു.

വില്ലൻ ഈഡിസ് കൊതുക്

ഡെങ്കിപ്പനി, ചിക്കുൻഗുനിയ തുടങ്ങിയ വൈറസ് രോഗങ്ങൾ പരത്തുന്ന കൊതുകിനെ ഈഡിസ്‌ ഈജിപ്തി എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു. ഈഡിസ്‌ ജനുസ്സിൽ ഉൾപ്പെട്ട ഈ കൊതുകിനെ, മഞ്ഞപ്പനി കൊതുക്കടുവ കൊതുക് എന്ന പേരുകളിലും അറിയപ്പെടുന്നു. പൂർണവളർച്ചയെത്തിയ ഒരു ഈഡിസ് കൊതുകിന്റെ ശരാശരി ആയുസ് രണ്ടു മുതൽ നാലുവരെ ആഴ്ച്ചയാണ് പക്ഷേ, വരണ്ട കാലാവസ്ഥയിൽ പോലും ഇവയുടെ മുട്ടകൾ ഒരു വർഷം വരെ കേടുകൂടാതെ ഇരിക്കും. അതിനാൽ, മഴക്കാലം തുടങ്ങുന്നതോടെ, ഇത്തരം കൊതുകിന്റെ പ്രജനനവും തന്മൂലമുള്ള പകർച്ചവ്യാധികളും വർദ്ധിക്കുന്നു .

വലിച്ചുകെട്ടിയ ഷീറ്റ്, സൺഷേഡ് തുടങ്ങിയവയിൽ കൊതുകു വളരുന്നത് പൊതുവേ ശ്രദ്ധയിൽ പെടാറുമില്ല. ശീതളപാനീയങ്ങൾ വിതരണം ചെയ്യുന്ന കടകളിലെ സോഡാക്കുപ്പി, സർബത്ത് കുപ്പി തുടങ്ങിയവയും കൊതുകിന് വളരാൻ സാഹചര്യമൊരുക്കുന്നു.

പ്രതിരോധിക്കാം

കൊതുകിനെ തടയാൻ പ്രതിരോധം മാത്രമാണ് പോംവഴി. ഒരു പ്രദേശത്ത് പരമാവധി നൂറു മീറ്റർ ദൂരത്താണ് കൊതുക് സഞ്ചരിക്കുക. അതായത് ഒരു പ്രദേശത്ത് ഡെങ്കിപ്പനി വ്യാപിച്ചാൽ ആ പ്രദേശത്തുള്ളവരാണ് അതിന് ഉത്തരവാദികളെന്നു ചുരുക്കം. ഓരോരുത്തരും വീടിന്റെയും സ്ഥാപനത്തിന്റെയും ചുറ്റുപാടുകൾ വൃത്തിയാക്കുന്നതിൽ ശ്രദ്ധിച്ചാൽ കൊതുകു പെരുകുന്നത് തടയാനാകും.