1
ജില്ലാ ഹെല്‍ത്ത് ഓഫീസര്‍ പി. എന്‍ ശ്രീനിവാസന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നു

തൃക്കാക്കര: ജില്ലയിലെ വിദ്യാലയങ്ങൾ പുകയില രഹിതമാക്കുതിന്റെ ഭാഗമായി രൂപം നൽകിയ ജില്ലാ സ്‌ക്വാഡിന്റെ പരിശോധനയിൽ വ്യാപക നിയമ ലംഘനങ്ങൾ കണ്ടെത്തി. തൃക്കാക്കര, കാക്കനാട് പ്രദേശങ്ങളിലെ വിദ്യാലയങ്ങളുടെ നൂറുവാര ചുറ്റളവിൽ പുകയില വിൽപന നടത്തിയ കടകൾക്ക് നോട്ടീസ് നൽകി. നൂറ് വിദ്യാലയങ്ങളിൽ പരിശോധന നടത്തിയ സ്‌ക്വാഡ് രണ്ടിടത്ത് ആവശ്യമായ സൂചനാ ബോർഡുകൾ ഇല്ലാത്തത് കണ്ടെത്തി. ശരിയായ സൂചനാ ബോർഡുകൾ ഇല്ലാതെ പുകയില വിൽപന നടത്തിയ കടകൾക്കും നോട്ടീസ് നൽകി. പല സ്‌കൂളുകളിലും സ്‌കൂൾ പ്രൊട്ടക്ഷൻ കമ്മറ്റികളും പി.ടി.എകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ .സവിത അറിയിച്ചു. സ്‌കൂളുകളുടെ പരിസരങ്ങളിൽ വൈകുന്നേരങ്ങളിൽ പ്രവർത്തിക്കുന്ന പാൻകടകളും പുകയില കടകളും എത്രയും പെട്ടെന്ന് നീക്കം ചെയ്യുമെന്ന് എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സോജൻ സെബാസ്റ്റ്യൻ അറിയിച്ചു. ജില്ലാ സ്‌ക്വാഡിന്റെ കണ്ടെത്തലുകൾ അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിനെ അറിയിച്ച് വരും ദിവസങ്ങളിൽ പ്രവർത്തനം ശക്തമാക്കുമെന്ന് ജില്ലാ ഹെൽത്ത് ഓഫീസർ പി. എൻ ശ്രീനിവാസൻ പറഞ്ഞു.
സമയബന്ധിതമായ പ്രവർത്തനങ്ങളിലൂടെ ലക്ഷ്യം കൈവരിക്കുന്ന പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റികൾ, കോർപ്പറേഷൻ വാർഡുകൾ, റസിഡന്റ് അസോസിയേഷനുകൾ, നേതൃത്വം നൽകുന്ന ഉദ്യോഗസ്ഥർ, സന്നദ്ധ പ്രവർത്തകർ എന്നിവർക്ക് പ്രവർത്തന മികവിനുള്ള സമ്മാനങ്ങളും, സർട്ടിഫിക്കറ്റുകളും നൽകാൻ എ.ഡി.എം കെ. ചന്ദ്രശേഖരൻ നായരുടെ അദ്ധ്യക്ഷതയിൽ ചേർന്ന പുകയില നിയന്ത്രണ ജില്ലാതലയോഗം തീരുമാനിച്ചു. വിവിധ വകുപ്പുകളുടെ കൂട്ടായ്മ പുകയില നിയന്ത്രണ പ്രവർത്തനങ്ങളിൽ ഉണ്ടാകണമെന്ന് എ.ഡി.എം അഭിപ്രായപ്പെട്ടു. ഓരോ വകുപ്പുകളും അടുത്ത മുപ്പത് ദിവസത്തിനകം ചെയ്യേണ്ട പ്രവർത്തനങ്ങൾ യോഗം നിശ്ചയിച്ചു. പോലീസ്, എക്‌സൈസ്, ആരോഗ്യ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, ഭക്ഷ്യസുരക്ഷ വകുപ്പ്, പഞ്ചായത്ത്, റെവന്യു വകുപ്പുകളും, സന്നദ്ധ പ്രവർത്തകരും ഉൾപ്പെടുതാണ് ജില്ലാ സ്‌ക്വാഡ്. മാസത്തിൽ അഞ്ച് ദിവസം സ്‌ക്വാഡിന്റെ പ്രവർത്തനങ്ങൾ ഉണ്ടാകും. താലൂക്ക് സ്‌ക്വാഡുകളുടെ പ്രവർത്തനവും ഉടൻ ആരംഭിക്കും.