ആലുവ: എടത്തല അൽ അമീൻ കോളേജ് സ്ഥാപക മാനേജരും കൊച്ചിയുടെ പ്രഥമ നഗര പിതാവുമായിരുന്ന എ.എ. കൊച്ചുണ്ണിമാസ്റ്ററുടെ സ്മരണയ്ക്കായി അൽ അമീൻ കോളേജ് മാഗസിൻ കമ്മിറ്റി ഏർപ്പെടുത്തിയ മികച്ച കോളേജ് മാഗസിനുള്ള പുരസ്‌കാരത്തിന് കോഴിക്കോട് മെഡിക്കൽ കോളേജിന്റെ 'ഒരു ദുരാത്മാവിന്റെ പറ്റ് പുസ്തകം' അർഹമായി.
10001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം. എഴുത്തുകാരി പ്രൊഫ. ഗ്രേസി, വിവർത്തകൻ സുനിൽ ഞാളിയത്ത്, മാദ്ധ്യമപ്രവർത്തകൻ സജി ജെയിംസ് എന്നിവരടങ്ങുന്ന ജഡ്ജിംഗ് കമ്മിറ്റിയാണ് മാഗസിൻ തിരഞ്ഞെടുത്തത്. 2019 ഡിസംബർ ആറ് മുതൽ എട്ട് വരെ അൽ അമീൻ കോളേജിൽ നടക്കുന്ന കോളേജ് മാഗസിൻ എഡിറ്റർമാരുടെ ശില്പശാലയിൽ വെച്ച് പുരസ്‌കാരം സമ്മാനിക്കും.