ആലുവ: ജപ്തി ചെയ്ത വീട്ടിൽ താമസിച്ചിരുന്ന കുടുംബത്തെ ഒഴിപ്പിക്കാനായി എത്തിയ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ആത്മഹത്യാഭീഷണി. ആത്മഹത്യ ശ്രമത്തിൽ നിന്നും കുടുംബത്തെ പിന്തിരിപ്പിക്കാൻ വീടിന്റെ വാതിൽ പൊളിച്ച്ഉദ്യോഗസ്ഥരും നാട്ടുകാരും അകത്ത് കടന്നു .
ആലുവ ചെമ്പകശേരി അപ്‌സര അപ്പാർട്ട്‌മെന്റ്‌സിൽ തോപ്പിൽ നവാസിന്റെ വീട്ടിലാണ് ഇന്നലെ ഉച്ചതിരിഞ്ഞ് നാടകീയ സംഭവങ്ങൾ നടന്നത് .ജപ്തി നടപടികൾക്കായി പൊലീസ് സംരക്ഷണയിലെത്തിയ ബാങ്ക് ജീവനക്കാർക്കും കോടതി കമ്മീഷനും മുന്നിൽ നിങ്ങൾ നാല് ശവപ്പെട്ടി കൊണ്ടുവന്നോളൂ എന്ന് പറഞ്ഞ് നവാസ് വാതിൽ അടക്കുകയായിരുന്നു. നവാസിന് പുറമേ ഭാര്യയും ഡിഗ്രിക്ക് പഠിക്കുന്ന മകൻസാബിറ്റുമാണ് വീട്ടിലുണ്ടായിരുന്നത് . മൂത്തമകൻ സാദർ സ്ഥലത്തുണ്ടായിരുന്നില്ല.. പകച്ചു പോയ ഉദ്യോഗസ്ഥ സംഘം വാതിൽ തുറക്കാൻ ശ്രമിച്ചെങ്കിലുംനടന്നില്ല. ഒടുവിൽ തൂമ്പ ഉപയോഗിച്ച് വാതിൽ വെട്ടിപൊളിക്കുകയായിരുന്നു.
ചെമ്പകശേരിയിൽ തറവാട് വീട് പൊളിച്ച് 2008ൽ നവാസ് അപ്പാർട്ട്മെൻറ് നിർമ്മിച്ചിരുന്നു. ഇതിലൊരു വീട്ടിലാണ് നവാസും കുടുംബവും താമസിച്ചിരുന്നത്. ഈ വീട് ആലുവ അർബൻ സഹകരണ ബാങ്കിൽ പണയപ്പെടുത്തി 2015ൽ 18 ലക്ഷം രൂപ നവാസ് വായ്പയെടുത്തു. തിരിച്ചടവ് മുടങ്ങിയതോടെ 2017ൽ ബാങ്ക് വീട് ലേലം ചെയ്ത് വിറ്റു. എടത്തല സ്വദേശി നാദിർഷയാണ് വീട് വാങ്ങിയത്. എന്നാൽ ലേലം ചെയ്യുന്നതിന് മുമ്പ് ബാങ്ക് വീട് ഒഴിപ്പിച്ചില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കാത്ത ഒഴിപ്പിക്കലിനെതിരെ നവാസ് ഹൈക്കോടതിയിൽ നിന്നും സ്‌റ്റേ വാങ്ങി. ഡെബ്റ്റ് റിക്കവറി ട്രിബ്യൂണലിനേയും സമീപിച്ചു.
എന്നാൽ വീടൊഴിയണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചനാദിർഷായ്ക്ക് അനുകൂല വിധി ലഭിച്ചു. ജപ്തി നടപടികൾക്കായി ഉദ്യോഗസ്ഥർ രണ്ട് തവണ ചെമ്പകശേരിയിലെ വീട്ടിലെത്തിയെങ്കിലും ഒഴിപ്പിക്കൽ നടന്നില്ല. കോടതി നിയോഗിച്ച സിബി ചെറിയാൻകമ്മീഷനും ബാങ്ക് ഉദ്യോഗസ്ഥരും ഇന്നലെ വീണ്ടും വീട്ടിലെത്തുകയായിരുന്നു. വീട് വാങ്ങിയ നാദിർഷായ്ക്ക് 31.50 ലക്ഷം രൂപ ഇന്ന് നൽകാമെന്ന് നവാസിന്റെ ബന്ധുക്കൾ രേഖമൂലം ഉറപ്പ് നൽകിയതിനെ തുടർന്നാണ് രംഗം ശാന്തമായത് . കൗൺസിലർ മിനി ബൈജുവും സ്ഥലത്തെത്തിയിരുന്നു.