അങ്കമാലി : പരിമിതികളെ വകവയ്ക്കാതെ അറിവിന്റെ ലോകം കീഴടയ്ക്കാനുള്ള പരിശ്രമത്തിലാണ് 69കാരി.
.അരയ്ക്കു താഴെ ചലനശേഷി ഇല്ലെന്നത് ഒരു പ്രശ്നമല്ല. പ്ലസ് ടു പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്അങ്കമാലി ഏഴാററുമുഖം പറോക്കാരൻ സെലീന .
അഞ്ചാമത്തെ വയസിലാണ് പോളിയോ ബാധിച്ച് സെലീനയുടെ അരയ്ക്കു താഴെ ചലനശേഷി നഷ്ടപ്പെട്ടത്. രണ്ടാം ക്ലാസുവരെ മാതാപിതാക്കൾ എടുത്തു കൊണ്ടുപോയി പഠിപ്പിച്ചു. പിന്നീട് പഠനം തുടരാനായില്ല.
കുന്നിൻ മുകളിലുള്ള വീട്ടിൽ ഇരുന്നു നിരങ്ങിയും വീൽ ചെയറിലുമായി അത്യാവശ്യ കാര്യങ്ങൾക്കു മാത്രം പുറത്തിറങ്ങിയിരുന്ന സെലീനയുടെ ജീവിതത്തിൽ മാറ്റം വന്നത് സഹൃദയയുടെ വികലാംഗ ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളിയായതോടെയാണ് . വികലാംഗ കൂട്ടായ്മകളിൽ നിന്ന് ലഭിച്ച അറിവാണ് സെലീനയെ തുടർ സാക്ഷരതാ കേന്ദ്രവുമായി അടുപ്പിച്ചത്.നാലാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി ജയിച്ചത് ഏഴാം ക്ലാസും പത്താം ക്ലാസും എഴുതി നേടുന്നതിന് പ്രചോദനമായി.
നായത്തോട് ജെ.ബി.എസിൽ നടത്തുന്ന കോൺടാക്ട് ക്ലാസിൽ പങ്കെടുക്കാൻ ഓട്ടോറിക്ഷയിലാണ് എത്താറുള്ളത്. സഹൃദയയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ കൂട്ടായ്മയായ സ്പർശൻ ഫെഡറേഷനിലെ മിത്രം സ്വയം സഹായ സംഘത്തിൽ സജീവ അംഗം. സ്വയംതൊഴിൽ പരിശീലനങ്ങളിലും ബോധവത്കരണ പരിപാടികളിലുമൊക്കെ മുടങ്ങാതെ പങ്കെടുക്കുന്നു. ഡയറക്ട് മാർക്കറ്റിംഗ് കമ്പനിയുമായി സഹ കരിച്ചു പ്രവർത്തിക്കുന്നതിലൂടെ ചെറിയൊരു വരുമാനവുമുണ്ട്.
സഹോദരനൊപ്പമാണ് താമസം.