നെടുമ്പാശേരി: പാറക്കടവ് ഗ്രാമപഞ്ചായത്തിൽ ഭിന്നത രൂക്ഷമാക്കി ഭരണപക്ഷ മെമ്പർമാർ ചേരിതിരിഞ്ഞതോടെ ഭരണം പ്രതിസന്ധിയിലായി. തർക്കത്തെ തുടർന്ന് സെക്രട്ടറി ദീർഘകാലത്തേക്ക് അവധിയിൽ പ്രവേശിച്ചു.
എൽ.എസ് ജി.ഡി അസി. എൻജിനിയറും ദീർഘനാളായി അവധിയിലാണ്. തർക്കം പദ്ധതി പ്രവർത്തനങ്ങളെയും അവതാളത്തിലാക്കിയിരിക്കയാണ്. പെൻഷൻ മസ്റ്ററിംഗിന് ജനങ്ങൾക്ക് പ്രയാസമില്ലാത്തവിധം സൗകര്യം ഒരുക്കിക്കൊടുക്കണമെന്ന സർക്കാർ നിർദേശം നടപ്പിലാക്കുന്നതിലും ഭരണസമിതി പരാജയപ്പെട്ടു. അക്ഷയ കേന്ദ്രങ്ങൾക്ക് മുന്നിൽ ക്യൂ നിന്ന് വൃദ്ധജനങ്ങൾ വിഷമിക്കുന്നതായി ബി.ജെ.പി ആരോപിക്കുന്നു. മാലിന്യ നിർമാർജ്ജന പദ്ധതി സ്തംഭനാവസ്ഥയിലാണ്. ജനങ്ങൾ വീടുകളിൽ ശേഖരിച്ച മാലിന്യങ്ങൾ നീക്കം ചെയ്യാനായിട്ടില്ല. ലൈഫ് ഭവനപദ്ധതിയിൽ സർക്കാർ അനുവദിച്ച പണം ബാങ്കുകളിൽ കെട്ടിക്കിടക്കുകയാണ്. പട്ടികജാതി വിഭാഗത്തിലും ജനറൽ വിഭാഗത്തിലും വീടുപണി തുടങ്ങിയവർക്കും പണി പാതി വഴിയിലായവർക്കും പഞ്ചായത്തിന്റെ അനാസ്ഥകാരണം പണം ലഭിക്കാത്ത സ്ഥിതിയാണ്.
പഞ്ചായത്ത് ഭരണസമിതി രാജിവയ്ക്കണമെന്ന് ബി.ജെ.പി പാറക്കടവ് പഞ്ചായത്ത് കമ്മിറ്റി ആവിശ്യപ്പെട്ടു. പ്രസിഡന്റ് മുരുകദാസ് അദ്ധ്യക്ഷനായി. മണ്ഡലം പ്രസിഡന്റ് പി.എൻ. സതീശൻ ഉദ്‌ലാടനം ചെയ്യ്തു. പഞ്ചായത്ത് ജനറൽ സെക്രട്ടറി രാഹുൽ പാറക്കടവ്, ബാബു കോടുശേരി, സജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.