vanchiyoor-court-

കൊച്ചി: വഞ്ചിയൂർ കോടതിയിൽ അഭിഭാഷക‌ർ വനിതാ മജ്സിട്രേട്ടിനെ അവഹേളിച്ച സംഭവത്തിൽ പ്രശ്നപരിഹാരത്തിനായി ബാർ കൗൺസിൽ ചെയർമാൻ ഉൾപ്പെട്ട സംഘം ഇന്ന് തിരുവനന്തപുരത്തെത്തും. വഞ്ചിയൂർ കോടതിയിലെത്തുന്ന സംഘം ജില്ലാ ജഡ്ജി ഉൾപ്പെടെയുള്ളവരുമായി ചർച്ച നടത്തും.

ബാർ കൗൺസിൽ പ്രതിനിധികൾ ഇന്നലെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ ഉൾപ്പെടെ സീനിയർ ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തുടർന്നാണ് പ്രശ്നപരിഹാര നടപടികൾ സ്വീകരിക്കാൻ ധാരണയായത്.

മജിസ്ട്രേട്ടിനെ അഭിഭാഷകർ തടഞ്ഞുവയ്‌ക്കാൻ ശ്രമിച്ചതും തുടർന്നുള്ള സംഭവങ്ങളും കേരള ജുഡിഷ്യൽ ഒാഫീസേഴ്സ് അസോസിയേഷനും ബാർ കൗൺസിലും ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ പെടുത്തുകയും, ഹൈക്കോടതിയുടെ ഇടപെടൽ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. തുടർന്നാണ് ചീഫ് ജസ്റ്റിസിനു പുറമേ ജസ്റ്റിസുമാരായ സി.കെ. അബ്ദുൾ റഹീം, സി.ടി. രവികുമാർ, കെ. ഹരിലാൽ, എ.എം. ഷെഫീഖ് എന്നിവരുൾപ്പെട്ട സീനിയർ ജഡ്ജിമാരുടെ സമിതിയുമായി ബാർ കൗൺസിൽ പ്രതിനിധികൾ അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകരപ്രസാദിനൊപ്പം കൂടിക്കാഴ്ച നടത്തിയത്. ബാർ കൗൺസിൽ അംഗങ്ങളുടെയും വിവിധ അഭിഭാഷക സംഘടനാ ഭാരവാഹികളുടെയും യോഗം ബുധനാഴ്ച എറണാകുളത്ത് വിളിച്ചിട്ടുണ്ട്.