തൃക്കാക്കര : ബി.പി.സി.എൽ തൊഴിലാളികൾ നടത്തിവന്നിരുന്ന മെല്ലെപ്പോക്ക് സമരം അവസാനിപ്പിച്ചു. ബി.പി.സി.എൽ അധികൃതരും തൊഴിലാളി യൂണിയൻ നേതാക്കളുമായി ജില്ലാ കളക്ടർ എസ്. സുഹാസ് നടത്തിയ അനുരഞ്ജന ചർച്ചയെത്തുടർന്നാണ് തീരുമാനം.
ബി.പി.സി.എൽ നേരിട്ടു നടത്തുന്ന പമ്പുകളിലെയും ഗ്യാസ് ഫില്ലിംഗ് കേന്ദ്രത്തിലെയും തൊഴിലാളികളാണ് വിവിധ ആവശ്യങ്ങളുന്നയിച്ച് കുറച്ചുദിവസങ്ങളായി മെല്ലെപ്പോക്ക് സമരം നടത്തിവന്നത്. ഏവിയേഷൻ സെന്ററിലെ കരാർ അവസാനിച്ചെന്നുകാണിച്ച് 16 കരാർ തൊഴിലാളികളെ പിരിച്ചുവിട്ടു, പമ്പുകളിലെ സി.സി.ടി.വി കാമറകൾ പ്രവർത്തിക്കുന്നില്ല, ജീവനക്കാർക്ക് മതിയായ സുരക്ഷാ ക്രമീകരണങ്ങളില്ല തുടങ്ങിയ വിഷയങ്ങളുന്നയിച്ചാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്.
ബി.പി.സി.എൽ പമ്പുകളിൽ ജനുവരി രണ്ടിന് മുമ്പായി സി.സി.ടി.വി കാമറകൾ സ്ഥാപിക്കുമെന്നും ജീവനക്കാർ ആവശ്യപ്പെട്ട പ്രാഥമിക സൗകര്യങ്ങളെല്ലാം ഏർപ്പെടുത്തുമെന്നും കമ്പനി അധികൃതർ ഉറപ്പുനൽകിയതായി ജില്ലാ കളക്ടർ അറിയിച്ചു. ജീവനക്കാരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനുള്ള സ്ഥിരം സംവിധാനമായി ആഭ്യന്തര തൊഴിൽ കമ്മിറ്റി (ഇന്റേണൽ ലേബർ കമ്മറ്റി ) രൂപീകരിക്കാനും ധാരണയായി. എല്ലാ മാസവും കമ്മറ്റി യോഗം ചേർന്ന് ജീവനക്കാരുടെ ക്ഷേമം ഉറപ്പുവരുത്തണമെന്ന് കമ്പനി അധികൃതർക്ക് കളക്ടർ നിർദേശം നൽകി. ഏവിയേഷൻ സെന്ററിലെ കരാർ അവസാനിച്ചതിനാൽ 16 കരാർ തൊഴിലാളികളെ പിരിച്ചുവിട്ടതു സംബന്ധിച്ച് സെൻട്രൽ ലേബർ കമ്മിഷണർ ഉടൻ ചർച്ച നടത്തി ജില്ലാ ഭരണകൂടത്തെ വിവരമറിയിക്കും. ബി.പി.സി.എൽ അധികൃതർ, തൊഴിലാളി യൂണിയൻ പ്രതിനിധികൾ, തൊഴിൽവകുപ്പ് അധികൃതർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.