കൊച്ചി : നടൻ ഷെയിൻ നിഗത്തെ നിർമ്മാതാക്കൾ വിലക്കിയതിന്റെയും തുടർന്നുള്ള വിവാദങ്ങളുടെയും പശ്ചാത്തലത്തിൽ സിനിമാമേഖലയെ നിയന്ത്രിക്കാൻ സർക്കാർ നടപടികൾ വന്നേക്കും. വർഷങ്ങൾക്ക് മുമ്പ് സമർപ്പിച്ച അടൂർ ഗോപാലകൃഷ്ണൻ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനാണ് നീക്കം.
സിനിമാ സംഘടനകളുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങുന്ന പതിവ് നിയമനിർമ്മാണം നടത്തിയാൽ ഇല്ലാതാക്കാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. സിനിമാ റെഗുലേഷൻ അതോറിറ്റി രൂപീകരണമാണ് കമ്മിറ്റിയുടെ പ്രധാന ശുപാർശകളിലൊന്ന്.
സിനിമാ രജിസ്ട്രേഷൻ മുതൽ നിർമ്മാണ ചെലവ്, സബ്സിഡി, റിലീസ് ചെയ്യേണ്ട തിയേറ്ററുകൾ, ആഭ്യന്തര തർക്കങ്ങൾ തുടങ്ങിയവയെല്ലാം നിയന്ത്രിക്കുക സർക്കാരായിരിക്കും. നിലവിൽ ചലച്ചിത്ര മേഖലയിലെ പ്രശ്നങ്ങളിൽ ഇടപെടാൻ സർക്കാരിനാകാറില്ല. അമ്മ, ഫെഫ്‌ക, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, മാക്‌ട, ഫിലിം ചേംബർ എന്നിങ്ങനെ സംഘടനകളുണ്ടെങ്കിലും നിയന്ത്രണ സംവിധാനം നിലവിലില്ല.
കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ നിർദ്ദേശ പ്രകാരം 2014 ൽ അടൂർ ഗോപാലകൃഷ്ണൻ അദ്ധ്യക്ഷനായ കമ്മിറ്റിയിൽ ഷാജി എൻ. കരുൺ, ജി. സുരേഷ് കുമാർ, പന്തളം സുധാകരൻ എന്നിവർ അംഗങ്ങളായിരുന്നു. മറ്റു ഭാഷകളിലെ സിനിമാ മേഖലയിൽ നൽകുന്ന സബ്സിഡി തുക സംബന്ധിച്ച ചർച്ചയാണ് റിപ്പോർട്ട് തയ്യാറാക്കുന്നതിലേക്ക് നയിച്ചത്. എന്നാൽ, ഇത് നടപ്പാക്കാനായില്ല.
സിനിമയുടെ സർവ മേഖലയിലുമുള്ളവരെ ഉൾപ്പെടുത്തി ചർച്ച നടത്തി അടൂർ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കാനുള്ള നടപടികളിലേക്ക് നീങ്ങാനാണ് ആലോചന. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന വിഷയങ്ങളെ പറ്റി പഠിക്കാനായി ജസ്റ്റിസ് ഹേമ കമ്മിറ്റിയെ നിയോഗിച്ചിരുന്നു. റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല. ഇ-ടിക്കറ്റിംഗ് സംവിധാനം ഏറ്റെടുക്കാനുള്ള ഒരുക്കത്തിലുമാണ് സർക്കാർ.
വിലക്ക് : ചർച്ച ഈയാഴ്ച തന്നെ
ഷെയിൻ നിഗത്തെ നിർമ്മാതാക്കൾ വിലക്കിയ സംഭവം ഈയാഴ്ച തന്നെ ചർച്ച ചെയ്ത് തീർക്കാനൊരുങ്ങുകയാണ് സംഘടനകൾ. ഉത്തരേന്ത്യൻ യാത്രയിലുള്ള ഷെയിൻ നിഗം തിരികെ എത്തിയാലുടൻ ചർച്ച നടത്തും.
പ്രശ്നം ചർച്ചയിൽ പരിഹരിക്കണമെന്ന് ഫെഫ്‌ക ഡയറക്ടേഴ്സ് യൂണിയനും നിർമ്മാതാക്കളുടെ സംഘടനയ്ക്ക് കഴിഞ്ഞ ദിവസം കത്ത് നൽകി. നിർമ്മാതാക്കൾ ഉപേക്ഷിച്ച വെയിൽ, കുർബാനി ചിത്രങ്ങളുടെ സംവിധായകർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഫെഫ്‌കയും മുന്നിട്ടിറങ്ങുന്നത്.