കേരളത്തിലെ സങ്കീർണമായ രാഷ്ട്രീയ ചക്രവാളത്തിൽ സൂര്യനെ പോലെ ഉദിച്ചുയർന്ന പാർട്ടിയാണ് ബി.ഡി.ജെ.എസ് എന്ന ഭാരതീയ ധർമ്മ ജന സേന. പാർട്ടികൾക്ക് ഒരു പഞ്ഞവുമില്ലാത്ത നാട്ടിൽ പുതിയ ഒന്നിന് എന്ത് പ്രസക്തിയെന്ന ചോദ്യമായിരുന്നു ആദ്യം. നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങൾ വന്നപ്പോൾ അതിന് ഉത്തരമായി.
ഭരണത്തിന്റെ ശീതളഛായയൊന്നുമില്ലാതെ പാവപ്പെട്ട പ്രവർത്തകർ വിയർപ്പൊഴുക്കി നടത്തിയ കഠിനാദ്ധ്വാനങ്ങളുടെയും പോരാട്ടങ്ങളുടെയും ഫലം ചെറുതല്ല. ബാല്യത്തിൽ തന്നെ കേരള രാഷ്ട്രീയത്തിൽ അവഗണിക്കാനാവാത്ത ശക്തിയാണെന്ന് തെളിയിച്ചുകൊണ്ട് എല്ലാ പ്രതിസന്ധികളെയും പരീക്ഷണങ്ങളെയും അതിജീവിച്ച് ബി.ഡി.ജെ.എസ് അഞ്ചാം വർഷത്തിലേക്ക് കാലൂന്നുകയാണ്.
നൂറുകണക്കിന് രാഷ്ട്രീയ പാർട്ടികൾ ജനിക്കുകയും മരിക്കുകയും ചെയ്ത നാടാണ് കേരളം. നൂറുവോട്ട് തികച്ച് കിട്ടാത്ത കക്ഷികൾവരെ ഭരണത്തിന്റെ മധുരം രുചിക്കുന്നു. മത, ജാതി, വാണിജ്യ താത്പര്യങ്ങൾക്കനുസരിച്ച് പൊതുഫണ്ടുകൾ ഇക്കൂട്ടർ കൈയടക്കുകയും ചെയ്യുന്നു.
പിന്നാക്ക ജനവിഭാഗങ്ങളുടെയും സാധാരണക്കാരുടെയും ശക്തിയും ശബ്ദവുമായി ബി.ഡി.ജെ.എസ് മാറി. പാവങ്ങൾ ചോരയും നീരും കൊടുത്ത് വെയിലും മഴയുംകൊണ്ട് വളർത്തിയ പ്രമുഖ രാഷ്ട്രീയ പാർട്ടികൾ മതന്യൂനപക്ഷങ്ങളുടെ സംഘടിതശക്തിക്ക് മുന്നിൽ ഓച്ഛാനിച്ച് നിൽക്കുന്നത് കണ്ടവരാണ് നാം. പൊതുസ്വത്ത് വീതം വച്ചപ്പോൾ നാം പുറമ്പോക്കിലേക്ക് തള്ളപ്പെട്ടു. പട്ടികജാതി, വർഗ പിന്നാക്ക വിഭാഗങ്ങൾ ഇത്രത്തോളം അവഗണിക്കപ്പെട്ട, ഒരു സംസ്ഥാനം കേരളമല്ലാതെ മറ്റൊന്നില്ല. പിന്നാക്ക ദരിദ്രനാരായണന്മാർക്ക് തലമുറകളായി അന്നമേകിയ പരമ്പരാഗത വ്യവസായങ്ങൾ ഒന്നൊന്നായി നാശത്തിലേക്ക് വീണപ്പോൾ വഴിയാധാരമായത് ലക്ഷക്കണക്കിന് കുടുംബങ്ങളാണ്. ഇവരെ സംരക്ഷിക്കാൻ ചെറുവിരലനക്കാതെ, കൊടുത്തവർക്ക് തന്നെ വാരിക്കോരിക്കൊടുത്ത് രസിക്കുകയായിരുന്നു ഇടതു വലതു സർക്കാരുകൾ. ആശ്രയിച്ചവരാൽ വഞ്ചിക്കപ്പെട്ട ജനങ്ങളുടെ ശക്തിയാണ് ബി.ഡി.ജെ.എസിലൂടെ പുറത്ത് വന്നത്.
ബി.ഡി.ജെ.എസിന്റെ കൊടിപിടിച്ച കുറ്റത്തിന് ആക്രമിക്കപ്പെട്ടവരും ആക്ഷേപിക്കപ്പെട്ടവരും പലവിധ ഉപദ്രവങ്ങൾക്ക് വിധേയരായവരും ആയിരങ്ങളാണ്. അത്തരം പീഡനങ്ങളെ നേരിട്ടവരുടെ മനസും പ്രാർത്ഥനയുമാണ് പാർട്ടിയുടെ ശക്തി.
ഇന്ത്യ ഭരിക്കുന്ന ബി.ജെ.പിയുടെ ഘടകകക്ഷിയായതിന്റെ പേരിൽ ബി.ഡി.ജെ.എസിനെ ആക്ഷേപിക്കുന്ന മുന്നണികളും ഘടക കക്ഷികളും വർഗീയ ഭീകരവാദ പാർട്ടികൾക്ക് അത്താഴം വിളമ്പി പായ വിരിച്ചവരാണെന്ന കാര്യം അരിയാഹാരം കഴിക്കുന്നവർക്കറിയാം. അവരാണ് ലോകാദരണീയനായ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിന്തുണക്കുന്നതിന്റെ പേരിൽ ബി.ഡി.ജെ.എസിനെ പരിഹസിക്കുന്നത്.
വിശപ്പടക്കാൻ മണ്ണുതിന്നേണ്ടി വരുന്നവരുളള കേരളം, അന്നം ചോദിക്കാതെ എടുത്ത ആദിവാസിയെ തല്ലിക്കൊന്ന കേരളം, സ്വന്തം പാർട്ടിക്കാരന് പി.എസ്.സി ചോദ്യപേപ്പർ ചോർത്തിക്കൊടുക്കുന്ന കേരളം, നടുറോഡിൽ പെണ്ണുങ്ങളെ ബലാത്സംഗം ചെയ്ത് തലയ്ക്കടിച്ചു കൊല്ലുന്ന കേരളം, മതതീവ്രവാദം മൂത്ത് സിറിയയ്ക്ക് പോകുന്നവരുടെ കേരളം, ബാലികാസഹോദരിമാരെ പീഡിപ്പിച്ച് കൊന്നവരെ രക്ഷിക്കാൻ രാഷ്ട്രീയക്കാരും സർക്കാർ സംവിധാനങ്ങളും കൈകോർക്കുന്ന കേരളം, ചെറിയ പാലം പോലും പണിയാൻ കെൽപ്പില്ലാത്ത സർക്കാരുകൾ ഭരിക്കുന്ന കേരളം അങ്ങിനെ ബഹുമതികൾ ഒരുപാടുള്ള സംസ്ഥാനമാണ് കേന്ദ്രസർക്കാരിനെയും നരേന്ദ്രമോദിയെയും വിമർശിക്കുന്നത്.ഇത്തരം ഇരട്ടത്താപ്പുകൾക്കുള്ള മറുപടിയായിരുന്നു ബി.ഡി.ജെ.എസിന്റെ രംഗപ്രവേശം. ആദ്യമായി ആ പാർട്ടിയെ ഇരുകൈയും നീട്ടി സ്വീകരിച്ചത് ബി .ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവുമാണ്. കേരളത്തിലെ അവസരവാദ രാഷ്ട്രീയത്തിനുള്ള ഏറ്റവും നല്ല മരുന്നാണ് എൻ.ഡി.എ സഖ്യം. ബി.ഡി.ജെ.എസ് സഖ്യത്തിന്റെ ഭാഗമായതോടെ വോട്ടിംഗ് രീതികളിലും അതിന്റെ പ്രതിഫലനമുണ്ടായി.
2015ൽ കേരളം ഇളക്കി മറിച്ച സമത്വമുന്നേറ്റ യാത്രയ്ക്ക് ശേഷം ഡിസംബർ അഞ്ചിന് ശംഖുംമുഖം കടപ്പുറത്ത് ജനലക്ഷങ്ങൾക്ക് മുന്നിൽ ബി.ഡി.ജെ.എസ് പിറവികൊണ്ടപ്പോൾ ഉയർത്തിയ ഒരു നിലപാടുണ്ട്. സാമൂഹ്യനീതിക്ക് വേണ്ടി എന്നും പാവപ്പെട്ടവർക്കൊപ്പമുണ്ടാകുമെന്ന പ്രഖ്യാപനം. അത് തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. നിലപാടുകളിൽ വെള്ളം ചേർക്കാനോ സ്വാർത്ഥ ലാഭത്തിന് വേണ്ടി വന്ന വഴി മറക്കാനോ, ഒപ്പം നിന്നവരെ ഒറ്റുകൊടുക്കാനോ, നാലുവോട്ടിന് വേണ്ടി നടുവളയ്ക്കാനോ, വിഭവങ്ങൾ പങ്കിടുമ്പോൾ വിവേചനം കാട്ടാനോ ബി.ഡി.ജെ.എസ് ഉണ്ടാവില്ല.
ഒരു രാഷ്ട്രീയ പാർട്ടിയെ സംബന്ധിച്ചിടത്തോളം നാല് വയസ് ഒരു പ്രായമേയല്ല. പിന്നിടാൻ ഒരുപാട് ദൂരമുണ്ട്, വഴിയിൽ ചതിക്കുഴികളുണ്ട്, ഒളിയമ്പുകളുമായി പലരും കാത്തിരിപ്പുണ്ട് എങ്കിലും ജനലക്ഷങ്ങൾ അർപ്പിച്ച പ്രതീക്ഷകളാണ് നമ്മെ നയിക്കുന്നത്. ജയം മാത്രമാണ് ലക്ഷ്യം. അതിൽ ഒത്തുതീർപ്പുകളില്ല, ഒറ്റ മനസോടെ നമുക്ക് മുന്നോട്ട് പോകാം... പ്രളയജലം പോലെ, പ്രതിബന്ധങ്ങളെ തൂത്തെറിഞ്ഞ് ലക്ഷ്യത്തിലേക്ക് നീങ്ങാം.
അഭിമാനത്തോടെ എൻ.ഡി.എയ്ക്കൊപ്പം
സാമൂഹിക നീതിയുടെ രാഷ്ട്രീയം ഉയർത്തിപ്പിടിച്ച് രൂപം കൊണ്ട ബി.ഡി.ജെ.എസ് എൻ.ഡി.എയുടെ ഭാഗമായത് ചരിത്രപരമായ ദൗത്യം നിറവേറ്റാനാണ്. ദരിദ്രരുടെയും അവഗണിക്കപ്പെട്ടവരുടെയും കർഷകരുടെയും സ്ത്രീകളുടെയും യുവജനതയുടെയും മദ്ധ്യവർഗത്തിന്റെയും പട്ടികജാതി, പട്ടികവർഗക്കാരുടെയും ജീവിതം മെച്ചപ്പെടുത്താൻ സഹായകമായ ഭാവനാസമ്പന്നമായ നടപടികൾ നടപ്പിലാക്കിയ തിളക്കത്തിലാണ് നരേന്ദ്രമോദി സർക്കാർ. ബി.ഡി.ജെ.എസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളും ഇതുതന്നെയാണ്.
അസാധ്യമെന്ന് പറഞ്ഞു പതിഞ്ഞ പലതും സാധ്യമാണെന്ന് തെളിയിക്കാൻ രണ്ടാം മോദി സർക്കാറിനു കഴിഞ്ഞു. 370ാം വകുപ്പ് റദ്ദാക്കൽ, മുത്തലാഖ് ബിൽ, അന്താരാഷ്ട്ര രംഗത്തെ നരേന്ദ്രമോദിയുടേയും ഭാരതത്തിന്റേയും സ്വീകാര്യത വർദ്ധിക്കൽ, സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒപ്പുവയ്ക്കില്ലെന്ന ഉറച്ച തീരുമാനം, കർഷകർക്ക് ആറായിരം രൂപയുടെ വാർഷിക സഹായമായ പി.എം.കിസാൻ പദ്ധതി, സ്വച്ഛ്ഭാരത്, ഒറ്റത്തവണ പ്ലാസ്റ്റിക്കുകളുടെ ഉപയോഗം ഒഴിവാക്കൽ എന്നീ പദ്ധതികളെയും നിലപാടുകളെയും രാജ്യം തുറന്ന മനസോടെയാണ് സ്വീകരിച്ചത്.
ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിൽ വിഷമിക്കുമ്പോൾ വലിയ പരിക്കില്ലാതെ രാജ്യം മുന്നോട്ടു പോകുന്നു എന്നത് നിസാരമല്ല. നികുതി, തൊഴിൽ, ബാങ്കിംഗ് പരിഷ്കാരങ്ങളിലൂടെയും ഇന്ത്യൻ സമ്പദ്വ്യവസ്ഥ ശക്തി പ്രാപിക്കുകയാണ്.
നികുതിനിരക്കുകൾ ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നായി മാറുകവഴി ഇന്ത്യ ലോകത്തിലെ ഏറ്റവും മത്സരാധിഷ്ഠിതമായ സമ്പദ്വ്യവസ്ഥകളിലൊന്നാവുന്നു. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാർട്ടപ്പ് സംവിധാനമുള്ള രാജ്യം ഭാരതമാണ്. അഭിമാനത്തോടെ നമുക്കും പറയാം... നമ്മുടേതു കൂടിയാണ് മോദി സർക്കാർ.
(ബി.ഡി.ജെ.എസ് അദ്ധ്യക്ഷനാണ് ലേഖകൻ)