crime

കൊച്ചി: വടക്കൻ പറവൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ചുരുളഴിയുന്നത് എറണാകുളം ജില്ലയിലെ ഗുണ്ടാ സംഘങ്ങളുടെ അണിയറക്കഥകൾ. റെന്റ് എ കാർ, വസ്തു കച്ചവടം, സ്വർണക്കടത്ത്, പണമിടപാട് തുടങ്ങിയ ബിസിനസുകളിൽ പലതിലും ഗുണ്ടാ സംഘങ്ങൾ ഇടപെട്ട് ഭീഷണിയടക്കം നടത്താറുണ്ടത്രേ. കൈനിറയെ കാശും ഭക്ഷണവുമടക്കമാണ് ഇവർക്ക് പ്രതിഫലമായി ലഭിക്കുന്നത്. ജില്ലയിൽ പലയിടത്തും ഇത്തരം സംഘങ്ങൾ രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും എറണാകുളം റൂറൽ ജില്ലയിലാണ് ഗുണ്ടാ സംഘങ്ങൾ വിളയാടുന്നത്. കൊച്ചിയും ഒട്ടും പിന്നിലല്ല. പറവൂർ കേസിലെ പ്രതികൾ പെരുമ്പാവൂരിലെ ഒരു ഗുണ്ടാ നേതാവിന്റെ അനുയായികളാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ട്. മേഖലയിൽ ഗുണ്ടാ സംഘങ്ങളുടെ ഏറ്റമുട്ടലും കൊലപാതകവും പതിവായതോടെ പൊലീസ് ഇതേക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൊലയ്ക്ക് വഴിവച്ച കാർ കടത്ത്
കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് പറവൂർ വെടിമറയിൽ കാഞ്ഞിരപ്പറമ്പിൽ മുബാറകിനെ (24) ഗുണ്ടാ സംഘങ്ങൾ കുത്തിക്കൊന്നത്. മുബാറക് കൊല്ലപ്പെടുന്നത് ഒരു കാർ കടത്തിനെ ചൊല്ലിയുള്ള തർക്കമാണ്. തൃശൂർ മാളയിലുള്ള ഒരാളിൽ നിന്ന് പ്രതികളിൽ ഒരാളായ റിയാസ് എടുത്ത റെന്റ് എ കാർ നിശ്ചിത സമയത്ത് ഉടമയ്ക്ക് തിരിച്ചുകൊടുക്കാൻ തയ്യാറായില്ല. റിയാസ് അറിയാതെ മുബാറക് ഈ കാർ എടുത്തുകൊണ്ടുപോയി മാളയിലെ കാറുടമയ്ക്ക് നൽകി. ഇതിന് പ്രതിഫലവും വാങ്ങി. എന്നാൽ, ഈ വിഷയം വലിയ തർക്കങ്ങൾക്ക് വഴിവച്ചു. പ്രശ്‌നം പറഞ്ഞുതീർക്കാമെന്നു പറഞ്ഞ് പ്രതികൾ മുബാറക്കിനെ പറവൂരിലെ മാവിൻ ചുവട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സുഹൃത്തുക്കളെ കൂട്ടിയാണ് മുബാറക്ക് എത്തിയത്. വാക്കുതർക്കവും അടിപിടിയുമുണ്ടായി. തുടർന്നാണ് കൊലപാതകം നടന്നത്. അതേസമയം, കൊല്ലപ്പെട്ട മുബാറക്ക് നേരത്തെ അടിപിടി കേസുകളിൽ പൊലീസ് പിടിയിലായിട്ടുണ്ട്.

ചേരിപ്പോരിൽ ചോരചീന്തി
15 ദിവസം മുമ്പാണ് അങ്കമാലിയിൽ ഗുണ്ടാ സംഘങ്ങളുടെ ഏറ്റുമുട്ടലിൽ കാപ്പ കേസ് പ്രതി കൊലക്കത്തിക്ക് ഇരയായത്. നെടുമ്പാശേരി തുരുത്തിശേരി വല്ലത്തുകാരൻ വീട്ടിൽ ബിനോയ് (40- ഗില്ലാപ്പി ) ആണ് കൊല്ലപ്പെട്ടത്. ബിനോയി വളർത്തിക്കൊണ്ടുവന്ന അത്താണി ബോയ്‌സെന്ന ക്രിമിനൽ സംഘത്തിൽ ഉടലെടുത്ത പടലപ്പിണക്കവും ചേരിതിരിവുമാണ് ആരുംകൊലയ്ക്ക് വഴിവച്ചത്. കേസിൽ ആദ്യം ആറ് പേരെയും പിന്നീട് മുഖ്യപ്രതികളായ ഗ്രിന്റേഷ്, ലാൽ കിച്ചു, കൃഷ്ണൻകുട്ടി എന്നിവരും പിടിയിലായി. ഗില്ലാപ്പി എന്ന ഇരട്ടപ്പേരിലായിരുന്നു ഗുണ്ടാസംഘങ്ങൾക്കിടയിൽ ബിനോയ് അറിയപ്പെട്ടിരുന്നത്. ബിനോയ് തന്നെയാണ് അത്താണി ബോയ്‌സിനു രൂപം നൽകിയതും വളർത്തിക്കൊണ്ടു വന്നതും. തൃശൂർ ജില്ലയിൽ ജൂവലറികളിലേക്കും മറ്റും കൊണ്ടുവരുന്ന സ്വർണം വഴിയിൽവച്ച് ആക്രമിച്ച് പിടിച്ചു പറിക്കുന്ന സംഘത്തിന് നേതൃത്വം നൽകിയത് ബിനോയി ആയിരുന്നു. കൊള്ളയടിച്ച പണം പങ്കുവയ്ക്കുന്നതിലുണ്ടായ തർക്കം അത്താണി ബോയ്‌സിലെ അംഗങ്ങൾക്കിടയിൽ വിള്ളലുകൾ ഉണ്ടാക്കി. അതോടെ സംഘത്തിലെ മറ്റുള്ളവരുമായി തെറ്റിപ്പിരിഞ്ഞ് ബിനോയ് പുതിയൊരു ഗുണ്ടാ സംഘത്തിന് രൂപം കൊടുത്തു. രണ്ട് ഗ്യാംഗുകളായി പിരിഞ്ഞതോടെ ഉടലെടുത്ത വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

തഴച്ചുവളർന്ന് പെരുമ്പാവൂർ സംഘം
മുബാറക് കൊല, ഉണ്ണിക്കുട്ടൻ വധം, ബ്യൂട്ടിപാർലർ വെടിവയ്പ്പ്.. ഇങ്ങനെ ജില്ല ഞെട്ടിയ പ്രമാദമായ കേസുകൾക്കെല്ലാം പിന്നിൽ പെരുമ്പാവൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗുണ്ടാ സംഘത്തിന് നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പലതവണ ഈ സംഘത്തെ അമർച്ച ചെയ്യാൻ പൊലീസ് ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വിമാനത്താവളങ്ങൾ വഴി കടത്തുന്ന സ്വർണം കവരൽ, കുഴൽപ്പണം തട്ടൽ, വസ്തു തർക്കത്തിൽ ക്വട്ടേഷൻ ഏറ്റെടുക്കൽ എന്നിവയാണ് ഇയാളുടെ നേതൃത്വത്തിൽ നടന്നിരുന്നത്. തീവ്രവാദ കേസിൽ ജയിലിൽ കഴിയുന്ന തടിയന്റവിട നസീറുമായി പെരുമ്പാവൂരിലെ ഒരു ഗുണ്ടാ തലവന് അടുത്ത ബന്ധമുണ്ടായിരുന്നുവത്രേ.

ആശുപത്രിക്കിടക്കയുടെ അടിയിൽ സൂക്ഷിച്ചിരുന്ന കൈത്തോക്കുമായി ഏതാനും മാസം മുമ്പ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വെങ്ങോല വലിയകുളം ചിയാട്ട് സി.എസ്. ഉണ്ണിക്കുട്ടനെ മംഗളൂരുവിൽ കൊലപ്പെടുത്തിയ കേസിലും പൂക്കടശേരി റഹിം വധശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിലും പ്രതിയാണിയാൾ. ഇയാളുടെ ക്വട്ടേഷൻ സംഘംഗമായിരുന്നു കൊല്ലപ്പെട്ട ഉണ്ണിക്കുട്ടൻ. സമൂഹമാദ്ധ്യമങ്ങളിൽ ചിത്രങ്ങളും പ്രൊമോഷൻ വിഡിയോകളും പോസ്റ്റ് ചെയ്താണ് ഇയാൾ ആരാധകരെ സൃഷ്ടിച്ചിരുന്നത്. മദ്യവും ലഹരിമരുന്നും നൽകി വശത്താക്കിയ 250 ചെറുപ്പക്കാർ ഇയാളുടെ സംഘത്തിലുണ്ടെന്നാണ് വിവരം. ഇവരിൽ ചിലരെ മുൻപ് അറസ്റ്റ് ചെയ്തപ്പോൾ അവരുടെ ശരീരത്തിൽ 'അനസിക്ക' എന്നു പച്ചകുത്തിയിരുന്നത് പൊലീസ് കണ്ടെത്തിയിരുന്നു.


ഗുണ്ടാ സംഘങ്ങൾ അനധികൃതമായി സമ്പാദിച്ച പണം വീതം വയ്ക്കുന്നതിലെ തർക്കമാണ് പെരുമ്പാവൂർ ഉണ്ണിക്കുട്ടൻ വധക്കേസിന് പിന്നിലെന്ന് പൊലീസ് പറയുന്നത്. എന്നാൽ, സ്വർണക്കടത്തിന് കുറിച്ച് നിർണായക വിവരങ്ങൾ പൊലീസിന് നൽകിയതിലെ വൈരാഗ്യമാണ് കൊലയ്ക്ക് വഴിവച്ചതെന്നും പറയപ്പെടുന്നു. ഉണ്ണിക്കുട്ടനെ തന്ത്രപൂർവം മംഗളൂരുവിലേക്കു കൊണ്ടുപോയി കൊലപ്പെടുത്തി തോട്ടിൽ തള്ളുകയായിരുന്നു. മംഗളൂരുവിൽനിന്ന് 50 കിലോമീറ്റർ അകലെ ഉപ്പിനങ്ങാടി പുഴയിലാണ് ഉണ്ണിക്കുട്ടന്റെ മൃതദേഹം കണ്ടെത്തിയത്. ദേഹത്താകമാനം മുറിവേറ്റ പാടുകളുണ്ടായിരുന്നതിനാൽ ബന്ധുക്കൾ കൊലപാതകമാണെന്ന സംശയത്തിൽ പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഉണ്ണിക്കുട്ടനും നാലുപേരുമടങ്ങുന്ന സംഘത്തെ മറ്റൊരു സംഘം തട്ടിക്കൊണ്ടുപോയി 10 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന് വരുത്തിത്തീർക്കാനായിരുന്നു ഗുണ്ടാ സംഘത്തിന്റെ ശ്രമം. എന്നാൽ, അന്വേഷണത്തിൽ ഇതെല്ലാം കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തുകയായിരുന്നു. സ്പരിറ്റ് കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട ഉണ്ണിക്കുട്ടൻ.