road
പള്ളിക്കരയിലെത്തിയ കേരള റോഡ് ഫണ്ട് ബോർഡ് പ്രതിനിധികൾ പ്രാദേശിക രാഷ്ട്രീയ നേതാക്കളുമയി ചർച്ചയിൽ

കിഴക്കമ്പലം: തകർന്നു തരിപ്പണമായ മനയ്ക്കക്കടവ് - നെല്ലാട് റോഡ് താത്കാലികമായി സഞ്ചാര യോഗ്യമാക്കാൻ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ പൊതു മരാമത്ത് വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം സ്ഥലം സന്ദർശിച്ചു. താത്കാലിക അറ്റകുറ്റ പണി പൂർത്തിയാക്കാൻ കരാറുകാരന് നിർദ്ദേശം നൽകി. ഇതോടെ പുനർനിർമ്മാണവുമായി ബന്ധപെട്ട് നിലവിലുണ്ടായിരുന്ന അനശ്ചിതത്വം നീങ്ങി. റോഡിലെ കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കുന്ന ജോലികൾ ആരംഭിച്ചു. കുന്നത്തുനാട് സഹകരണ ബാങ്ക് പ്രസിഡന്റ് നിസാർ ഇബ്രാഹിം, പഞ്ചായത്തംഗം എൻ.വി രാജപ്പൻ, സി.പി.എം ലോക്കൽ കമ്മി​റ്റിയംഗം എൻ.വി വാസു, ജോസ്, ജോർജ് കുട്ടി, ഡേവിഡ് , കെ.ആർ.എഫ്.ബി എക്സിക്യൂട്ടീവ് എൻജിനീയർമാരായ ഷാബു, രമ പൊതു മരാമത്ത് വകുപ്പ് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ദേവകുമാർ, സുരേഷ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചർച്ചകൾ.

# മനയ്ക്കക്കടവ് - നെല്ലാട് റോഡ് താത്കാലികമായി സഞ്ചാര യോഗ്യമാക്കുന്നു

ആദ്യ ഘട്ടം പള്ളിക്കരയിൽ നിന്നും തുടങ്ങി മനക്കടവ് വരെ

31.94 കോടി രൂപ ചിലവ് നിർമ്മാണത്തിലിരിക്കുന്ന റോഡാണിത്

ഒടുവിൽ മന്ത്രിയുടെ നിർദേശം

നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കെ തന്നെ റോഡ് പൂർണ്ണമായും തകർന്ന് സഞ്ചാര യോഗ്യമല്ലാതായിരുന്നു.

ബസുകളടക്കം വാഹനങ്ങൾ സർവീസ് നിർത്തി വയ്ക്കാൻ തയ്യാറെടുത്തു വരികയാണ്. അതിനിടയിലാണ് കഴിഞ്ഞ ദിവസം നാട്ടുകാരും രാഷട്രീയ പ്രതിനിധികളും തലസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പ് മന്ത്റി ജി.സുധാകരനെ കണ്ട് നിവേദനം നൽകിയത്.ഇതേ തുടർന്നാണ് കുഴികൾ അടച്ച് സഞ്ചാരയോഗ്യമാക്കാൻ മന്ത്രി നിർദ്ദേശം നൽകി.

അവലോകന യോഗം 9ന്

9 ന് ആലുവ ഗസ്റ്റ് ഹൗസിൽ മന്ത്രിയുടെ നേതൃത്വത്തിൽ ജന പ്രതിനിധികൾ, വാട്ടർ അതോറിട്ടി, കെ.എസ്.ഇ.ബി, പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ അവലോകന യോഗം നടക്കും.