കൊച്ചി : നാവിക സേനയിൽ കൂടുതൽ വനിതാ ഓഫീസർമാർ കടന്നു വരണമെന്നാണ് നയമെങ്കിലും, ധൃതി വയ്ക്കേണ്ടതില്ലെന്ന് ദക്ഷിണ നാവികത്താവളം മേധാവി വൈസ് അഡ്മിറൽ എ.കെ. ചൗള പറഞ്ഞു.
സേനകൾ വനിതാസൗഹൃദമാണെങ്കിലും മികവിനാണ് പ്രധാന്യം നൽകുന്നതെന്ന് നാവികദിനാചരണത്തിന്റെ ഭാഗമായി നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.നാവികസേനയിൽ ആദ്യത്തെ വനിതാ പൈലറ്റ് കഴിഞ്ഞ ദിവസമാണ് ചുമതലയേറ്റത്. 1992 ജൂലായ് മുതൽ വനിതാ ഓഫീസർമാർ സേനയിലുണ്ട്. മെഡിക്കൽ വിഭാഗത്തിൽ മാത്രമല്ല നിയമം, ലോജിസ്റ്റിക്സ് എന്നിവയിലും അവർ പ്രവർത്തിക്കുന്നു. യുദ്ധക്കപ്പലുകളിൽ വനിതകളെ ഓഫീസർമാരാക്കുന്നതിനുള്ള പ്രായോഗിക തടസങ്ങൾ പരിഹരിക്കണം. കപ്പലുകളിൽ ജോലി ചെയ്യാൻ പ്രവർത്തന മികവാണ് പ്രധാനം . ലിംഗനീതിയല്ല ..കപ്പലിൽ താമസം ഉൾപ്പെടെ വനിതകൾക്ക് പ്രത്യേക സൗകര്യങ്ങൾ ഒരുക്കണം. ഒന്നോ രണ്ടോ പേരെ മാത്രം ഒരു കപ്പലിൽ നിയോഗിക്കാൻ കഴിയില്ല. കടലിൽ പോയാൽ ആഴ്ചകൾ കഴിഞ്ഞാകും തിരിച്ചെത്തുക. അവരുടെ വീട്ടുകാർ, മക്കൾ തുടങ്ങിയവരുടെ സംരക്ഷണവും സുരക്ഷയും വരെ പരിഗണിക്കണം.
വിമാനവാഹിനി
2021 ൽ
കൊച്ചി കപ്പൽശാലയിൽ നിർമ്മിക്കുന്ന വിമാനവാഹിനി കപ്പൽ 2021ൽ പ്രവർത്തനസജ്ജമാകും. നിരവധി നിർമ്മാണങ്ങളും ഉപകരണങ്ങൾ ഘടിപ്പിക്കലും ബാക്കിയാണ്. അവയുടെ പ്രവർത്തനം പരീക്ഷിക്കുകയും വേണം. വിമാനവാഹിനി കപ്പലിൽ മോഷണം നടന്നത് എൻ.ഐ.എ അന്വേഷിക്കുന്നുണ്ട്. കപ്പൽ നാവികസേനയ്ക്ക് കൈമാറാത്ത സാഹചര്യത്തിൽ മോഷണത്തെക്കുറിച്ച് തങ്ങൾ അന്വേഷിക്കുന്നില്ല.
തീരദേശ സുരക്ഷയ്ക്ക് മുന്തിയ പരിഗണന നൽകുന്നുണ്ട്. വിവരങ്ങൾ നൽകാനും സംശയകരമായ കാര്യങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്താനും മത്സ്യത്തൊഴിലാളികൾക്ക് കഴിയും. അവരുമായി നിരന്തര ബന്ധം പുലർത്തുന്നുണ്ടെന്നും എ.കെ. ചൗള പറഞ്ഞു.റിയർ അഡ്മിറൽ ആർ.കെ. നദ്കർണിയും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.