ksrtc
ആലുവ കെ.എസ്.ആർ.ടി സി ടെർമിനൽ നിർമ്മാണം മുടങ്ങിയ നിലയിൽ

ആലുവ: മാസങ്ങളോളം അനിശ്ചിതത്വത്തിലായിരുന്ന ആലുവ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമ്മാണം രഹസ്യമായി തുടങ്ങിയെങ്കിലും മൂന്നാം ദിവസം മുടങ്ങി. പൈലിംഗ് തൊഴിലാളികളും കെ.എസ്.ആർ.ടി.സി എൻജിനിയറിംഗ് വിഭാഗവും തമ്മിലുള്ള തർക്കമാണ് കാരണം.

ഇന്നലെ രാവിലെ പത്തരയായപ്പോഴാണ് കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥരുടെ വരവ്. ആദ്യം പൈലിംഗ് പൂർത്തിയാക്കിയ സ്ഥലത്ത് ടെസ്റ്റ് പൈലിംഗ് നടത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. യന്ത്രസാമഗ്രികൾ മാറ്റി ഘടിപ്പിക്കുക പ്രായോഗികമല്ലെന്ന നിലപാട് തൊഴിലാളികൾ സ്വീകരിച്ചതോടെ തർക്കമായി.

ആദ്യപൈലിംഗിന് മുമ്പേ ചെയ്യേണ്ട കാര്യങ്ങൾ ഉദ്യോഗസ്ഥർ രണ്ട് ദിവസം കഴിഞ്ഞ് ആവശ്യപ്പെട്ടതും വിമർശനത്തിന് ഇടയായിട്ടുണ്ട്. നിർമ്മാണം ആരംഭിക്കാൻ വൈകിയതിനാലാണ് ഔദ്യോഗിക ചടങ്ങുകൾ ഇല്ലാതെ ആരംഭിച്ചത്. എന്നാൽ തൊഴിലാളികളും കെ.എസ്.ആർ.ടി സി ജീവനക്കാരും ചേർന്ന് ഭൂമിപൂജ നടത്തിയിരുന്നു.

ആറ് കോടിയോളം രൂപ ചെലവിൽ എം.എൽ.എ ഫണ്ട് ഉപയോഗിച്ചാണ് ബസ് ടെർമിനൽ നിർമ്മാണം. പ്ളാനിൽ വരുത്തിയ മാറ്റവും പൊതുമരാമത്ത് വകുപ്പുമായുള്ള തർക്കവുമെല്ലാം നിർമ്മാണം അനിശ്ചിതത്വത്തിലാക്കി. പദ്ധതി ചുമതല തൃശൂരിലെ പൊതുമരാമത്ത് വിഭാഗത്തെ ഏൽപ്പിച്ചതിനാൽ കെ.എസ്.ആർ.ടി.സി എൻജിനീയർമാരുടെ നിസഹരണം ആദ്യം മുതലുണ്ട്. കെ.എസ്.ആർ.ടി.സി ഡിപ്പോ പൂർണ്ണമായി പൊളിച്ചിട്ടും ബദൽ സംവിധാനങ്ങളൊന്നും യാത്രക്കാർക്കായി അധികൃതർ ഒരുക്കിയില്ല. രണ്ടര മാസം കഴിഞ്ഞ് കാത്ത് നിൽപ്പ് കേന്ദ്രം സ്ഥാപിച്ചെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ കൊടിതോരണങ്ങൾ കൊണ്ട് നിറച്ചിരിക്കുകയാണ്.