വൈപ്പിൻ : കൊച്ചി നഗരത്തിലെ മാലിന്യങ്ങൾ ലോറിയിൽ കടത്തിക്കൊണ്ട് വന്ന് സൗത്ത് പുതുവൈപ്പ് മേഖലയിൽ സ്വകാര്യ വ്യക്തികൾ വാങ്ങിയചതുപ്പ് സ്ഥലങ്ങളിൽ നിക്ഷേപിക്കുന്നതിനെതിരെ സ്ഥലവാസികൾ സമരം തുടങ്ങി. വൈപ്പിൻ ഐലൻഡ് ജനകീയ പൗരസമിതിയാണ് മാലിന്യം നിക്ഷേപിക്കാനെത്തുന്ന ലോറികൾ തടഞ്ഞ് സമരം നടത്തുന്നത്. ഇക്കഴിഞ്ഞ ദിവസം മൂന്ന് ലോറികൾ സമരസമിതി നേതാക്കൾ തടയുകയും ഞാറയ്ക്കൽ പൊലീസിനു കൈമാറുകയും ചെയ്തു. പരിസരത്തുള്ളവർക്ക് മൊത്തം ആരോഗ്യ പ്രശ്‌നം ഉടലെടുത്ത സാഹചര്യത്തിലാണ് മാലിന്യം നിക്ഷേപത്തിനെതിരെ നാട്ടുകാർ രംഗത്തെത്തിയിട്ടുള്ളതെന്ന് സമതി നേതാക്കളായ അലിവളപ്പിലകം, കെ. എച്ച്. അബ്ബാസ് എന്നിവർ പറഞ്ഞു. കേരള ഫിഷറീസ് സർവ്വകലാശാലയുടെ കാമ്പസിനും മാലിന്യം നിക്ഷേപം ഭീഷണി ഉയർത്തുന്നുണ്ട്.
ഗോശ്രീ പാലം തുറന്നതുമുതൽ നഗരത്തിലെ ആശുപത്രികളിൽ നിന്നുളളമാലിന്യങ്ങളും മറ്റ് പ്ലാസ്റ്റിക് മാലിന്യങ്ങളും ലോറികളിൽ കൊണ്ടു വന്നുനിക്ഷേപിക്കുന്നത് പതിവാണ്. മാലിന്യ നിക്ഷേപ കേന്ദ്രത്തിനു മുന്നിൽ സമര സമിതി അനിശ്ചിതകാല ഉപരോധം ഏർപ്പെടുത്തി.