അങ്കമാലി: ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവ്വീസ് പരീക്ഷ ഓറിയന്റേഷൻ സെമിനാർ സംഘടിപ്പിക്കുന്നു. നാളെ ഉച്ചകഴിഞ്ഞ് 3 ന് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുന്ന സെമിനാർ അസി.കളക്ടർ എം.എസ് മാധവിക്കുട്ടി നയിക്കും.
റോജി എം.ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ടി.പോൾ അദ്ധ്യക്ഷത വഹിക്കും. സംസ്‌കൃത സർവ്വകലാശാല വൈസ് ചാൻസലർ ഡോ.ധർമ്മരാജ് അടാട്ട് വിശിഷ്ടാതിഥിയായിരിക്കും
ബ്ലോക്ക് പഞ്ചായത്ത് സ്‌കിൽസ് എക്‌സലൻസ് സെന്ററിന്റെ നേതൃത്വത്തിൽ ഞായറാഴ്ചകളിലും അവധിദിവസങ്ങളിലും ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ കെ.എ.എസ് പരീക്ഷ പരിശീലന ക്ലാസുകൾ സംഘടിപ്പിക്കുന്നതിന് മുന്നോടിയായിട്ടാണ് ഓറിയന്റേഷൻ സെമിനാർ നടത്തുന്നതെന്ന് കൺവീനർ ടി.എം വർഗ്ഗീസ് അറിയിച്ചു.
അതിനിടെ കെ.എ.എസ് പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ഇന്ന് (ഡിസംബർ 4) അവസാനിക്കും. ഇന്ന് രാത്രി 12 മണി വരെ ഓൺലൈനായി അപേക്ഷ നൽകാം. ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ വെബ്‌സൈറ്റിൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തിയതിന് ശേഷമാണ് അപേക്ഷ നൽകേണ്ടത്.