കമ്മ്യൂണിറ്റി ഹാൾ നിർമിക്കുന്നതിന് 22 സെന്റ് സ്ഥലം
അംഗണവാടിക്കായി എട്ട് സെന്റ് സ്ഥലം
50 ലക്ഷം രൂപ
അബേദ്കർ ഗ്രാമവികസന പദ്ധതിയിൽ നിന്നും അടിസ്ഥാന സൗകര്യ വികസനത്തിന്
മൂവാറ്റുപുഴ: ആവോലി ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ ഇട്ടിയക്കാട്ട് മിച്ചഭൂമിയിലെ ചെങ്ങറ കോളനിയുടെ നവീകരണത്തിന് അബേദ്കർ ഗ്രാമവികസന പദ്ധതിയിൽ ഉൾപ്പെടുത്തി 50ലക്ഷം രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ അറിയിച്ചു. കോളനി നിവാസികൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. കോളനി നിവാസികൾക്കായി പുതിയ കമ്മ്യൂണിറ്റി ഹാൾ, ഹൈടെക് അംഗണവാടി മന്ദിരം, സ്ട്രീറ്റ് ലൈറ്റ് അടക്കമുള്ളവ ഒരുക്കുന്നതിനാണ് ഫണ്ട് വിനിയോഗിക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു.
കോളനിയിൽ നടക്കുന്ന വിവാഹങ്ങൾ അടക്കമുള്ള ആഘോഷങ്ങൾക്ക് മറ്റ് സ്ഥലങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയിലായിരുന്നു. കമ്മ്യൂണിറ്റി ഹാൾ നിർമിക്കുന്നതോടെ കോളനി നിവാസികളുടെ സ്വപ്‌ന പദ്ധതിയാണ് യാഥാർത്ഥ്യമാകുന്നത്. ചെങ്ങറയിൽ നിന്നും കുടിയൊഴിപ്പിക്കപ്പെട്ടവരുടെ കുട്ടികളും, വിവിധ പഞ്ചായത്തുകളിൽ നിന്നുമെല്ലാം ലൈഫ് ഭവനപദ്ധതി പ്രകാരം സ്ഥലവും വീടും ലഭിച്ചവരടക്കമുള്ളവരുടെ കുട്ടികൾക്ക് അംഗണവാടിയില്ലാത്തത് ഏറെ ദുരിതമായിരുന്നു. ഹൈടെക് അംഗണവാടി വരുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാവും. കോളനിയിൽ ലൈറ്റുകളുടെ അഭാവവും വലിയ പ്രശ്‌നമായി നിലനിൽക്കുകയായിരുന്നു. സ്ട്രീറ്റ് ലൈറ്റ് പദ്ധതി നടപ്പിലാക്കുന്നതോടെ വെളിച്ചമില്ല എന്ന പ്രശ്‌നത്തിനും പരിഹാരമാകുമെന്ന് എൽദോ എബ്രഹാം എം.എൽ.എ പറഞ്ഞു.
#കോളനിയുടെ അവസ്ഥ
27 ഏക്കർ സ്ഥലമാണ് ഇട്ടിയക്കാട്ട് മിച്ച ഭൂമിയിൽ സർക്കാർ പിടിച്ചെടുത്തത്
ചെങ്ങറയിൽ കുടിയൊഴിപ്പിച്ച 28 കുടുംബങ്ങൾക്ക് 50 സെന്റ് സ്ഥലം
കോളനിയിൽ 280 ഓളം കുടുംബങ്ങൾ ഇപ്പോൾ താമസിക്കുന്നു
പലരും ലൈഫ് ഭവനപദ്ധതി പ്രകാരം വീടുകൾ നിർമിച്ചു
ഇപ്പോഴും വീട് നിർമ്മാണം നടക്കുന്നവരുമുണ്ട്