jesus
jesus

കൊച്ചി : യാക്കോബായ - ഓർത്തഡോക്‌സ് സഭാതർക്കം പരിഹരിക്കാൻ മദ്ധ്യസ്ഥതയ്ക്ക് ഇതര ക്രൈസ്തവ മേലദ്ധ്യക്ഷന്മാർ വീണ്ടും രംഗത്ത്.

കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ അദ്ധ്യക്ഷൻ ആർച്ച് ബിഷപ്പ് സൂസപാക്യത്തിന്റെ വസതിയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. സീറോ മലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി, മാർത്തോമ്മാ സുറിയാനി സഭാ മെത്രാപ്പൊലീത്ത ജോസഫ് മാർത്തോമ്മ, മലങ്കര സുറിയാനി കത്തോലിക്കാസഭാ മേജർ ആർച്ച് ബിഷപ്പ് ബസേലിയോസ് ക്ലീമിസ്, സി.എസ്.ഐ സഭയുടെ മോഡറേറ്റർ ബിഷപ്പ് തോമസ് കെ. ഉമ്മൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

യാക്കോബായ സഭാംഗങ്ങൾക്ക് ദേവാലയങ്ങളിൽ പ്രവേശിക്കാനും ശവസംസ്‌കാരം നടത്താനും നേരിടുന്ന വിഷമതകൾ സഭാ അദ്ധ്യക്ഷന്മാർ അറിയിച്ചു. നിലവിലെ സാഹചര്യങ്ങളെ കാനോനിക നിയമമനുസരിച്ചും സിവിൽ നിയമത്തിന് വിധേയമായും ക്രിസ്തീയമായ രീതിയിലും പരിഹരിക്കണം. ഇരുകൂട്ടർക്കും സ്വീകാര്യമായ പ്രശ്‌ന പരിഹാരത്തിന് ആലോചനകളും സഹായങ്ങളും നൽകുമെന്ന് അവർ അറിയിച്ചു.

സഭാതർക്കം പരിഹരിക്കാൻ ഇതരസഭാ അദ്ധ്യക്ഷന്മാർ ഇടപെടുന്നതിനെ സ്വാഗതം ചെയ്യുന്നതായി യാക്കോബായസഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമൻ ബാവയും മെത്രാപ്പൊലീത്തൻ ട്രസ്റ്റി ജോസഫ് ഗ്രിഗോറിയോസ് മെത്രാപ്പൊലീത്തായും പറഞ്ഞു.

കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ ഏതാനും വർഷം മുമ്പ് നടത്തിയ ഒത്തുതീർപ്പുശ്രമങ്ങൾ വിജയിച്ചിരുന്നില്ല.