തോപ്പുംപടി: സവാള കിലോക്ക് ഹോൾസെയിൽ വില 130 രൂപ ആയതോടെ ബിരിയാണിയിൽ നിന്നും സവാള ഔട്ടായി. കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്ന വിവാഹപരിപാടിയിൽ ബിരിയാണിക്ക് ഒപ്പം വിളമ്പുന്ന കച്ചമ്പറിൽ കാബേജാണ് കണ്ടത്. കാബേജും,തക്കാളിയും, പച്ചമുളകും, വിനാഗിരിയും ചേർത്താണ് കച്ചമ്പർ നൽകിയത്. ചോദ്യത്തിന് ഉത്തരം തരാതെ പാചകക്കാർ ഒഴിഞ്ഞു മാറി. മുൻപ് ഹോട്ടലുകളിൽ ഇഡലിക്കും ദോശക്കും സൗജന്യമായി നൽകിയിരുന്ന സാമ്പാറും നിർത്തലാക്കി. പകരം ചട്നി മാത്രം. ഇന്നലെ കൊച്ചിയിലെ സവാള ഹോൾസെയിൽ വില 140 ആയിരുന്നു. ആന്ധ്ര, കർണാടക, പൂന എന്നിവിടങ്ങളിൽ നിന്നാണ് വൻതോതിൽ സവാള കേരളത്തിൽ എത്തുന്നത്. തമിഴ്നാട്ടിലെ കനത്ത കാറ്റും മഴയും പച്ചക്കറിക്ക് തീവിലയാകാൻ കാരണമായി. എന്നാൽ തമിഴ്നാട്ടിലെ ചില സ്ഥലങ്ങളിൽ നിന്നും വരുന്ന പച്ച ഉള്ളി 2 കിലോക്ക് 50 രൂപ നിരക്കിൽ അരൂർ, ചേർത്തല ഭാഗങ്ങളിൽ വില്പന നടത്തുന്നുണ്ട്. എന്നാൽ ഇത് കച്ചവടക്കാർ പലപ്പോഴും കളയാറാണ് പതിവ്. ഈ സവാളക്കകത്ത് നിറച്ചും വെള്ളമണത്രേ. സവാള വില രൂക്ഷമായതോടെ ഹോട്ടൽ, ബേക്കറി എന്നിവിടങ്ങിൽ നിന്നും സമൂസ, കട്ലറ്റ് എന്നിവയും ഒഴിവായി.എന്നാൽ പഴങ്ങൾക്ക് വില നന്നേ കുറവാണ്.
കച്ചമ്പറിൽ സവാളക്ക് പകരം കാബേജ്
സവാളയില്ല വട റെഡി !
കൊച്ചിയിലെ പല ചായക്കടകളിലും സവാള വടയിൽ സവാള പൂർണമായും ഒഴിവാക്കി. 140 രൂപ കൊടുത്ത് സവാള വട നാട്ടുകാരെ തീറ്റിക്കേണ്ടെന്നാണ് കടക്കാരൻ പറയുന്നത്.
ഉള്ളി - 160,
മുരിങ്ങ കോൽ - 350,
വെളുത്തുള്ളി-170,
കാരറ്റ് - 60,
ബീറ്റ്റൂട്ട്-60