കൊച്ചി: '16 വർഷം മുമ്പ് പണിത വീട് പുതുക്കിയി​ട്ട് ഒരു വർഷമായതേയുള്ളൂ. അതും മകന്റെ വിവാഹ കാര്യത്തിന്. 12 മീറ്റർ മാത്രം അകലെയുള്ള ആ വലിയ ഫ്ലാറ്റ് പൊളിക്കാനുള്ള ഓരോ തട്ടിലും പുതിയ വീട്ടിൽ വിള്ളൽ വീഴുകയാണ്. പേടിച്ചിട്ട് ഉറക്കം മുൻവശത്തെ ഹാളിലേക്കാക്കി. പൊളിഞ്ഞു വീണാൽ ഒരു കതക് തുറന്ന് പുറത്തേക്ക് ഓടാമല്ലോ. ഇവിടുന്ന് മാറി താമസിക്കാൻ എല്ലാവരും പറയുന്നു. പക്ഷേ, തിരികെ വരുമ്പോൾ ഈ വീടുണ്ടാകുമെന്ന് ഉറപ്പ് തരാൻ ആരുമില്ല!' കണിയാമ്പള്ളി വീട്ടിൽ അജിത്തിനും ഭാര്യ രമയ്ക്കും പറയാനേറെയുണ്ട്. അതി​ലേറെ നാട്ടുകാർക്കും.

ജനുവരി 11ന് പൊളിച്ചുമാറ്റാൻ തീരുമാനിച്ച ആൽഫ സെറീൻ ഫ്ലാറ്റിന് സമീപവാസിയാണ് അജിത്ത്. വീട്ടിലെ കിണർ അഞ്ച് റിംഗ് കഴിഞ്ഞ് രണ്ടിഞ്ച് ഇരുന്നു, വീട്ടിനകത്തും പുറത്തും നിറയെ വിള്ളൽ. രാവിലെ 8 മുതൽ വൈകിട്ട് 6 വരെ യന്ത്രങ്ങളുടെ നിർത്താതെയുള്ള ശബ്ദഘോഷം. പൊടിപടലം. ഫ്ലാറ്റിലെ നീന്തൽക്കുളത്തിനോട് ചേർന്നുള്ള രണ്ടുനില പൊളിച്ചുമാറ്റിയപ്പോൾ ഉണ്ടായ നാശനഷ്ടങ്ങളിൽ ചിലത് മാത്രം അജിത്ത് അക്കമിട്ട് നിരത്തിയത് ഇങ്ങനെ.

പരാതി പറയാൻ പോയപ്പോൾ കളക്ടർ പറഞ്ഞത് വീട് മാറിത്താമസിച്ചോളൂ. വീട്മാറ്റം നമുക്കൊരു ആഘോഷമാക്കാമെന്ന്. ഒരു കൂട്ടം ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങി, അനധികൃതമായി ഉയർത്തിയ ഫ്ളാറ്റുകൾ പൊളിക്കുമ്പോൾ ഒരു തെറ്റും ചെയ്യാത്ത തങ്ങൾ എന്തിന് ഈ ദുരിതം അനുഭവിക്കണമെന്നാണ് അദ്ദേഹത്തിന്റെ ചോദ്യം.

ഇതിനോടകം ആൽഫ സെറീന്റെ സമീപത്തെ പലരും വാടകവീടുകളിലേക്ക് മാറി.

തങ്ങൾക്ക് കിട്ടിക്കൊണ്ടിരുന്ന വാടക വരുമാനം നിലച്ച് 15,000 രൂപയ്ക്ക് മറ്റൊരു വീട്ടിൽ വാടകക്കാരായി താമസിക്കേണ്ടി വരുന്നതിന്റെ സങ്കടത്തിലാണ് ഹർഷമ്മ. വാടക വീട്ടിലേക്ക് മാറാൻ അരലക്ഷത്തിലേറെ ചെലവാക്കേണ്ടിയും വന്നു. ഇതൊന്നും തിരികെ കിട്ടുമോയെന്ന് പോലും ഉറപ്പില്ല. നൽകാമെന്ന് സർക്കാർ ഉറപ്പ് പറഞ്ഞ ഇൻഷ്വറൻസിനെ കുറിച്ചും ഇതുവരെ വ്യക്തതയില്ല. സുപ്രീം കോടതി ഉത്തരവിന് എതിരല്ല തങ്ങളെന്ന് ഇവരെല്ലാം ഒരുപോലെ പറയുന്നു. എന്നാൽ ഫ്ലാറ്റുടമകളോട് കാട്ടിയതിന്റെ നൂറിലൊന്ന് ദയ തങ്ങളോടും കാട്ടണമെന്ന അപേക്ഷയുണ്ട് ഈ വീട്ടുകാർക്കെല്ലാം.