കൊച്ചി : കോതമംഗലം ചെറിയ പള്ളി എറണാകുളം ജില്ലാ കളക്ടർ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഓർത്തഡോക്സ് വിഭാഗത്തിന് ചടങ്ങുകൾ നടത്താനാവും വിധം സ്ഥിതിഗതികൾ നിയന്ത്രണ വിധേയമായാൽ പള്ളിയുടെ ഭരണ നിയന്ത്രണം ഇവർക്ക് കൈമാറാം. പള്ളിയിൽ ചടങ്ങുകൾ നടത്താൻ പൊലീസ് സംരക്ഷണം തേടി ഓർത്തഡോക്‌സ് വിഭാഗം വികാരി തോമസ് പോൾ റമ്പാൻ നൽകിയ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ വിധി.
കോടതി വിധികൾ എന്തു തടസമുണ്ടായാലും നടപ്പാക്കണം. സാമൂഹ്യ സാഹചര്യങ്ങൾ ഇതിനു തടസമാണെന്ന് പറയാൻ സർക്കാരിന് കഴിയില്ല. പരിപാവനമായ മേഖലയെന്ന നിലയിൽ പള്ളിയിൽ രക്തച്ചൊരിച്ചിലും ടിയർഗ്യാസും അനുവദിക്കാനാവില്ലെന്ന സർക്കാരിന്റെ വാദം അംഗീകരിക്കാനാവില്ല. ആളപായമുണ്ടാകുമെന്നു പറഞ്ഞ് കോടതി വിധിയിൽ സർക്കാർ വിലപേശുകയാണ്. നിയമത്തിന്റെ പിൻബലമുള്ള സർക്കാരിന് മുൻസിഫ് കോടതിയുടെ വിധി നടപ്പാക്കാനാവാത്ത നിസഹായതയുണ്ടെന്ന് പറയാനാവില്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.
ഹൈക്കോടതി
നിർദ്ദേശങ്ങൾ
പള്ളിയിലും പരിസരത്തും ശാന്തിയും സമാധാനവും ഉറപ്പാക്കാൻ കളക്ടർ നടപടിയെടുക്കണം.
പള്ളിക്കുള്ളിലും പരിസരത്തും അന്യായമായി നിലയുറപ്പിച്ചവരെ പുറത്താക്കണം. പള്ളിയും പരിസരവും ഏറ്റെടുത്തു പരിപാലിക്കണം.
സമാധാനപരമായി ചടങ്ങുകൾ നടത്താനാവുന്ന സ്ഥിതിയുണ്ടെന്ന് ബോദ്ധ്യപ്പെട്ടാൽ പള്ളിയുടെ ഭരണ നിയന്ത്രണം ഹർജിക്കാരന് കൈമാറണം.
ഇടവകാംഗങ്ങൾ മരിച്ചാൽ സംസ്കാരം നടത്തുന്നതിന് തടസമില്ല. ചടങ്ങുകൾ പള്ളി വികാരി നടത്തിക്കൊടുക്കണം.
. പള്ളിയുടെ നിയന്ത്രണം കൈമാറിക്കഴിഞ്ഞാലും സമാധാനപരമായി ചടങ്ങുകൾ നടത്താൻ പൊലീസ് സംരക്ഷണം നൽകണം.
ആരെങ്കിലും ചടങ്ങുകൾ തടസപ്പെടുത്തുകയോ ക്രമസമാധാന പ്രശ്നമുണ്ടാക്കുകയോ ചെയ്താൽ അറസ്റ്റ് ചെയ്ത് നീക്കണം.
സമാധാനാന്തരീക്ഷം നിലനിറുത്താൻ സ്ഥിതിഗതികൾ ശാന്തമാകും വരെ വേണ്ടത്ര പൊലീസിനെ വിന്യസിക്കണം.
കേസ് ഇങ്ങനെ:
സുപ്രീം കോടതി വിധിയനുസരിച്ച് കോതമംഗലം പള്ളിയുടെ നിയന്ത്രണം വിട്ടുകിട്ടാനും യാക്കോബായ വിഭാക്കാരായ പുരോഹിതരടക്കമുള്ള എതിർ കക്ഷികൾ പള്ളിയിൽ പ്രവേശിക്കുന്നതു തടയാനും തോമസ് പോൾ റമ്പാൻ 2018 ൽ മൂവാറ്റുപുഴ മുനിസിഫ് കോടതിയെ സമീപിച്ചിരുന്നു. യാക്കോബായക്കാരായ എതിർ കക്ഷികളെ തടഞ്ഞു കോടതി ഇടക്കാല ഉത്തരവു നൽകി. പള്ളിയിൽ പ്രവേശിക്കാൻ സംരക്ഷണം വേണമെന്ന് ഓർത്തഡോക്സ് വിഭാഗം നൽകിയ ഉപഹർജിയും അനുവദിച്ചു. ഇതിനെതിരെ യാക്കോബായ വിഭാഗം നൽകിയ ഹർജി ഹൈക്കോടതി തള്ളി. തുടർന്ന് പള്ളിയിൽ പ്രവേശിക്കാൻ തോമസ് പോൾ റമ്പാൻ ഉൾപ്പെടെ ഓർത്തഡോക്സ് വിഭാഗം എത്തിയെങ്കിലും മതിയായ പൊലീസ് സംരക്ഷണം ലഭിച്ചില്ല. കളക്ടർക്ക് നിവേദനം നൽകിയിട്ടും ഫലമുണ്ടായില്ലെന്നു ചൂണ്ടിക്കാട്ടിയാണ് തോമസ് പോൾ റമ്പാൻ ഹർജി നൽകിയത്.