ആലുവ: നഗരമദ്ധ്യത്തിൽ നിരവധി വിദ്യാലയങ്ങൾ പ്രവർത്തിക്കുന്ന റോഡിൽ നിന്നും പത്തടിയിലേറെ നീളമുള്ള മലമ്പാമ്പിനെ വനം വകുപ്പും നാട്ടുകാരും ചേർന്ന് സാഹസപ്പെട്ട് പിടികൂടി. പാലസ് റോഡിൽ സെന്റ് ഫ്രാൻസിസ് സ്കൂൾ കവാടത്തിന് സമീപം തിങ്കളാഴ്ച്ച രാത്രി 11 മണിയോടെയാണ് കാൽനട യാത്രക്കാർ പാമ്പിനെ കണ്ടത്.
കൂടുതൽ പേർ എത്തിയപ്പോഴേക്കും പാമ്പ് സമീപത്തെ കാനയുടെ മുകളിലെ സ്ളാബിനും അദ്വൈതാശ്രമം മതിലിനും ഇടയിലെ മാളത്തിലേക്ക് ഇറങ്ങി. വാൽ പുറത്ത് കാണാമിയിരുന്നെങ്കിലും രാത്രിയായതിനാൽ പിടിക്കാൻ ശ്രമിച്ചില്ല. മാളത്തിൽ കുടുങ്ങിപ്പോയ പാമ്പിന്റെ വാൽ ഇന്നലെ രാവിലെയും പുറത്ത് കണ്ടതോടെ പരിസരത്തെ കച്ചവടക്കാരും നഗരസഭ കണ്ടിജൻസി ജീവനക്കാരുമെത്തി പാമ്പിനെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതേതുടർന്ന് 11 മണിയോടെ കോടനാട് നിന്നും വനം വകുപ്പ് ജീവനക്കാരെത്തിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ അദ്വൈതാശ്രമത്തിന്റെ മതിലിന്റെ ഒരു ഭാഗം പൊളിച്ച് മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് പമ്പിനെ പുറത്തെടുത്തത്.
എൽ.കെ.ജി വിദ്യാർത്ഥികൾ ഉൾപ്പെടെ നിരവധി ആളുകൾ വരാറുള്ള സ്ഥലത്താണ് പാമ്പിനെ കണ്ടത്. പെരിയാറിൽ നിന്നും കയറിയതാകാനാണ് സാദ്ധ്യത.