abhayakedharam-
വടക്കേക്കര തുരുത്തിപ്പുറത്ത് നിർമ്മിക്കുന്ന വിവിധോദേശ്യ അഭയ കേന്ദ്രത്തിന്റെ നിർമ്മാണോദ്ഘാടനം റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവ്വഹിക്കുന്നു.

പറവൂർ : പ്രളയം ജില്ലയിൽ ഏറ്റവുമധികം ആളുകൾക്കും വീടുകൾക്കും നാശം വിതച്ച മേഖലയിൽത്തന്നെ വിവിധോദ്ദേശ്യ അഭയകേന്ദ്രം ഒരുക്കാനാകുന്നത് നേട്ടമാണെന്ന് മന്ത്രി ഇ. ചന്ദ്രശേഖരൻ പറഞ്ഞു. സംസ്ഥാന ദുരന്തനിവാരണ വകുപ്പ് ദേശീയ ചുഴലിക്കാറ്റ് അപകട സാദ്ധ്യതാ ലഘൂകരണ പദ്ധതിയിൽപ്പെടുത്തി വടക്കേക്കര പഞ്ചായത്തിലെ തുരുത്തിപ്പുറത്ത് നിർമ്മിക്കുന്നഅഭയകേന്ദ്രത്തിന് തറക്കല്ലിടുകയായിരുന്നു അദ്ദേഹം.
ജില്ലയിൽ ഒന്നരലക്ഷത്തിലധികം പേരാണ് 2018ലെ പ്രളയത്തിൽ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറിയത്. . വി.ഡി. സതീശൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ എസ്. സുഹാസ്, ദുരന്ത നിവാരണ വകുപ്പ് ഡെപ്യൂട്ടി കളക്ടർ കെ.ടി. സന്ധ്യാദേവി, പറവൂർ ബ്ളോക്ക് പ്രസിഡന്റ് യേശുദാസ് പറപ്പിള്ളി, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അംബ്രോസ്, പറവൂർ തഹസിൽദാർ എം.എച്ച്. ഹരീഷ് തുടങ്ങിയവർ സംസാരിച്ചു.

ക്യാമ്പ് അല്ലെങ്കിൽ സ്കൂൾ

ചുഴലിക്കാറ്റ്, പ്രളയം, വേലിയേറ്റം തുടങ്ങിയ പ്രകൃതിദുരന്തങ്ങളുണ്ടാകുമ്പോൾ ദുരിതാശ്വാസ ക്യാമ്പ് പ്രവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്രം നിർമിക്കുന്നത്. തുരുത്തിപ്പുറം ഗവ. എസ്.എൻ.വി എൽ.പി സ്കൂളിനു സമീപത്താണ് നിർമാണം. ദുരിതാശ്വാസ ക്യാമ്പാക്കാനും അല്ലാത്തപ്പോൾ സ്കൂൾ പ്രവർത്തിപ്പിക്കാനും കഴിയുന്ന വിധമായിരിക്കും കെട്ടിടത്തിന്റെ രൂപകൽപ്പന. . ലോകബാങ്ക് മാനദണ്ഡമനുസരിച്ച് 995 ചതുരശ്ര മീറ്ററിൽ മൂന്ന് നില കെട്ടിടമാണ് പണിയുന്നത്. ഒരേ സമയം 800 മുതൽ 1000 പേർക്കു വരെ താമസിക്കാം. കുടിവെള്ള സൗകര്യം, ശൗചാലയങ്ങൾ, പ്രഥമ ശുശ്രൂഷ സൗകര്യം തുടങ്ങിയവ പ്രത്യേകം സജ്ജമാക്കും.. പൊതുമരാമത്ത് വകുപ്പിനാണ് നിർമാണച്ചുമതല.

ലോക ബാങ്കിന്റെ സഹായത്തിൽ കേന്ദ്ര സർക്കാരിന്റെ സഹകരണത്തോടെയാണ് പദ്ധതി

ജില്ലയിൽ അനുവദിക്കപ്പെട്ട രണ്ട് അഭയകേന്ദ്രങ്ങളിൽ ഒന്നാമത്തെ കെട്ടിടം

5.56 കോടി രൂപചെലവ്