കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമ്പോഴുണ്ടാകുന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾ നീക്കാനുള്ള കരാർ ആലുവയിലെ പ്രോംപ്റ്റ് എന്റർപ്രൈസസിനു നൽകാൻ മരട് നഗരസഭയിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഈ കരാറിലൂടെ 35 മുതൽ 40 ലക്ഷം രൂപ വരെ സർക്കാരിനു ലഭിക്കുമെന്ന് പൊളിക്കലിന് നേതൃത്വം വഹിക്കുന്ന സബ് കലക്ടർ സ്‌നേഹിൽ കുമാർ സിംഗ് പറഞ്ഞു.
കരാറുകാരുടെ വീഴ്ച മൂലമാണ് നെട്ടൂർ ആൽഫ സെറിൻ ഫ്ലാറ്റിനു സമീപം വീടുകൾക്കു കേടുപാടുകളുണ്ടാകാൻ കാരണം. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിലവിൽ ഫ്ലാറ്റ് പൊളിക്കുന്നത്. മതിലിൽ ഇരുമ്പുമറ സ്ഥാപിക്കണമെന്ന നിർദേശം വളരെ വൈകിയാണു കമ്പനികൾ നടപ്പാക്കിയത്. ഇതു പരിഹരിക്കണമെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്. സേഫ്ടി ഓഫീസറെ നിയമിക്കും. ഹോളിഫെയ്ത് എച്ച്ടുഒ ഫ്ലാറ്റിന് സമീപം വിള്ളലുണ്ടായതും പരിഹരിക്കാൻ കരാർ കമ്പനിയോടു നിർദേശിക്കും. 125 കോടി രൂപയുടെ ഇൻഷുറൻസ് സംബന്ധിച്ചും ഈയാഴ്ച തീരുമാനമെടുക്കും. ഇൻഷുറൻസ് പ്രീമിയം സർക്കാർ വഹിക്കും. സ്‌ഫോടനം നടക്കുന്ന തീയതി മുതൽ ഒരു വർഷത്തേക്കായിരിക്കും ഇൻഷുറൻസ്. ഇൻഷുറൻസ് ലഭ്യമാകുന്നതു വരെ സമീപത്തെ വീടുകൾക്ക് ഉണ്ടാകുന്ന കേടുപാടുകൾ പൊളിക്കുന്ന കമ്പനികൾ പരിഹരിക്കും. മാറിത്താമസിക്കുന്നവരുടെ വാടക നഗരസഭ നൽകുന്ന കാര്യം പരിഗണിക്കുമെന്നും സ്‌നേഹിൽ കുമാർ പറഞ്ഞു.