കൊച്ചി: ബി.പി.സി.എൽ വിൽക്കരുതെന്ന് ആവശ്യപ്പെട്ട് ഡി.വൈ.എഫ്‌.ഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ ലോംഗ് മാർച്ച് സംഘടിപ്പിക്കും. കൊച്ചിൻ ഷിപ്പ് യാർഡിന് മുന്നിൽ നിന്ന് രാവിലെ ഒമ്പതിന് ആരംഭിക്കുന്ന മാർച്ച് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്‌.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ്, സെക്രട്ടറി എ.എ. റഹീം തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകും. ജില്ലയിലെ ഇരുപത് ബ്ലോക്കിൽ നിന്നായി അയ്യായിരത്തോളം യുവാക്കൾ മാർച്ചിൽ അണിനിരക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. ഉച്ചകഴിഞ്ഞ് നാലിന് ബി.പി.സി.എൽ ആസ്ഥാനത്തെത്തിച്ചേരുന്ന മാർച്ചിന്റെ സമാപന സമ്മേളനം ഡി.വൈ.എഫ്‌.ഐ അഖിലേന്ത്യ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മാർച്ചിന്റെ പ്രചരണാർഥം ഇന്ന് ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ പൊതുസമ്മേളനവും നടക്കും. ഡി.വൈ.എഫ്‌.ഐ ജില്ലാ സെക്രട്ടറി എ.എ. അൻഷാദ്, പ്രസിഡന്റ് പ്രിൻസി കുര്യാക്കോസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.