പറവൂർ : റെന്റ് എ കാർ തർക്കത്തിൽ വെടിമറ മുബാറക്കിനെ കുത്തികൊലപ്പെടുത്തിയ കേസിലെ എട്ട് പ്രതികളെയും തിരിച്ചറിഞ്ഞെങ്കിലും ആരെയും പൊലീസിന് പിടികൂടാനായില്ല. പ്രതികൾ കോടതിയിൽ കീഴടങ്ങാൻ സാധ്യതയുള്ളതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ആസൂത്രിതമായ കൊലപാതകമാണ് നടത്തിയതെന്നാണ് പൊലീസ് നിഗമനം. കത്തി കണ്ടെടുത്തിട്ടില്ല. പ്രതികളുടെ ബന്ധുക്കളെയും അടുത്ത സുഹൃത്തുകളേയും പൊലീസ് വിളിച്ചു വരുത്തിയിരുന്നു.
ഞായറാഴ്ച രാത്രി തന്നെ പ്രതികൾ പറവൂരിൽ നിന്നും കാറിൽ രക്ഷപ്പെട്ടതായി സൂചന. കാറും തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളുടെ മൊബൈൽ ഫോണുകൾ ഓഫാണ്.
ഇവരുടെ വീടുകളിൽ നിന്ന് വാഹന ഇടപാടുമായി ബന്ധപ്പെട്ട രേഖകളും രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും കണ്ടെടുത്തിട്ടുണ്ട്. പെരുമ്പാവൂർ സ്വദേശി അനസിന്റെ ക്വട്ടേഷൻ സംഘവുമായി പ്രതികളിൽ ചിലർക്ക് അടുത്ത ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.