കൊച്ചി: കുടിശിക ലഭിക്കാത്തതിൽ പ്രതിഷേധിച്ച് കൊച്ചി കോർപ്പറേഷനിലെ കരാറുകാരുടെ സംഘടനകളായ കൊച്ചി കോർപ്പറേഷൻ കോൺട്രാക്‌ടേഴ്സ് അസോസിയേഷന്റെയും കോൺട്രാക്‌ടേഴ്സ് ഫോറത്തിന്റെയും നേതൃത്വത്തിൽ നാളെ (വ്യാഴം) നഗരസഭ ഓഫീസിന് മുന്നിൽ നടത്തുന്ന ധർണ സി.ആർ.നീലകണ്ഠൻ ഉദ്‌ഘാടനം ചെയ്യും. 12 മുതൽ അനിശ്‌ചിതകാല പണിമുടക്ക് ആരംഭിക്കും. 2017 ജൂലായ് മുതൽ കഴിഞ്ഞ മാർച്ച് വരെയുള്ള ബില്ലുകളുടെ ജി.എസ്.ടി തുക അനുവദിക്കുക, നിർമ്മാണവേലകൾ പൂർത്തീകരിച്ച ബില്ലുകൾ അസിസ്റ്റൻഡ് എൻജിനിയർമാർ എഴുതിനൽകുക, പ്ളാൻഫണ്ട് ഇനത്തിൽ ട്രഷറിയിൽ നിന്ന് കരാറുകാർക്ക് ലഭിക്കാനുള്ള പത്തു കോടി ഉടൻ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അസോസിയേഷൻ പ്രസിഡന്റ് കെ.ഡി.ജോർജ് അദ്ധ്യക്ഷനായി. ഫോറം പ്രസിഡന്റ് കുമ്പളം രവി, അസോസിയേഷൻ സെക്രട്ടറി കെ.എ.ഡേവിഡ്, കെ.ഐ.മൂസ എം.ആർ.ചന്ദ്രൻപിള്ള, എം.ആർ.ബിനു, ഇ.എം.ഷാജി എന്നിവർ സംസാരിച്ചു.