ഫോർട്ടുകൊച്ചി: നീണ്ട ഇടവേളക്ക് ശേഷം തീരദേശത്ത് ചാള ചാകര. ഇന്നലെ ഫോർട്ടുകൊച്ചിയിലെ ചീനവല തൊഴിലാളികൾക്കും ചെല്ലാനത്തെ ചെറുവള്ളങ്ങൾക്കുമാണ് ലഭിച്ചത്. ഫോർട്ടുകൊച്ചി ജങ്കാർ ജെട്ടിക്ക് സമീപം ചാളകൾ കൂട്ടത്തോടെ എത്തിയത് കാഴ്ചക്കാർക്ക് ഹരമായി. പലരും കൈകൾ കൊണ്ടും ചാക്ക് ഉപയോഗിച്ചും ചാളക്കൂട്ടങ്ങളെ വാരിയെടുത്തു. ചെല്ലാനത്തെ ഹാർബറിനു സമീപം മത്സ്യ ബന്ധനത്തിന് പോയ ഔട്ട് ബോർഡ് വള്ളങ്ങൾക്കും, എഞ്ചിൻ വള്ളങ്ങൾക്കും, ചെറുവള്ളങ്ങൾക്കുമാണ് ചാള ലഭിച്ചത്. ഒന്നര ലക്ഷം രൂപ മുതൽ 2 ലക്ഷം വരെ തൊഴിലാളികൾക്ക് ലഭിച്ചു. എന്നാൽ കടലിലെ ന്യൂനമർദ്ദത്തെ തുടർന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മൽസ്യതൊഴിലാളികളോട് കടലിൽ പോകരുതെന്ന് കടുത്ത ജാഗ്രതാ നിർദ്ദേശം ലംഘിച്ച് കടലിൽ പോയവർക്കാണ് വൻതോതിൽ ചാള ചാകര ലഭിച്ചത്. കേരള തീരത്തു നിന്നും ചാളകൂട്ടത്തോടെ തമിഴ്നാട്ടിലേക്ക് പാലായനം നടത്തിയെന്ന് ബോട്ടുടമ അസോസിയേഷൻ ഭാരവാഹികൾ വിലയിരുത്തോമ്പാഴാണ് കൂട്ടത്തോടെ ചാള കൊച്ചിയിൽ എത്തിയിരിക്കുന്നത്. കിലോക്ക് 50 രൂപ നിരക്കിലും ചാള വിറ്റു പോയി. പെടക്കണ ചാള വാങ്ങാൻ തീരദേശത്ത് ഇന്നലെ വൻ തിരക്കായിരുന്നു.