കൊച്ചി : യുവനടിയെ ആക്രമിച്ച് അശ്ളീല ദൃശ്യങ്ങൾ പകർത്തിയെന്ന കേസിലെ നിർണായക തെളിവായ ദൃശ്യങ്ങളൊഴികെ അന്വേഷണ സംഘം ശേഖരിച്ച മറ്റ് ഡിജിറ്റൽ തെളിവുകളുടെ പൂർണമായ പകർപ്പ് ആവശ്യപ്പെട്ട് പ്രതിയായ നടൻ ദിലീപ് വിചാരണക്കോടതിയിൽ അപേക്ഷ നൽകി. സാക്ഷികളുടെ പക്കലുള്ള മൊബൈൽ, ലാപ്ടോപ്പ് തുടങ്ങിയ 32 ഇലക്ട്രോണിക് ഉപകരണങ്ങളിൽ നിന്ന് ശേഖരിച്ചവയാണിവ.
ഇവയിൽ പലരുടെയും സ്വകാര്യത ഹനിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും കേസുമായി നേരിട്ട് ബന്ധമില്ലാത്ത ഇത്തരം ദൃശ്യങ്ങൾ പ്രതിക്ക് കൈമാറാനാവില്ലെന്നും ഇതനുവദിച്ചാൽ സാക്ഷികളെ സ്വാധീനിക്കാമെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
ഇത്തരം ഡിജിറ്റൽ തെളിവുകൾക്ക് കേസുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കണമെന്നും പ്രതിയുടെ നിരപരാധിത്വം തെളിയിക്കാൻ ഇതു അനിവാര്യമാണെന്നും പ്രതിഭാഗം വാദിച്ചു. വിചാരണ ആറു മാസത്തനികം പൂർത്തിയാക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടും അനാവശ്യമായി വൈകിപ്പിക്കാനാണ് പ്രതിഭാഗം ഇതിലൂടെ ശ്രമിക്കുന്നതെന്ന് പ്രോസിക്യൂഷനും ആരോപിച്ചു. ഇരു ഭാഗത്തിന്റെയും വാദം കേട്ട കോടതി അപേക്ഷ ഡിസംബർ 11 ന് മാറ്റി.
ദൃശ്യം പരിശോധിക്കാൻ വിദഗ്ദ്ധനെ തേടുന്നെന്ന് ദിലീപ്
നിർണായക തെളിവായ ദൃശ്യങ്ങൾ പരിശോധിക്കാൻ കമ്പ്യൂട്ടർ വിദഗ്ദ്ധന്റെ സേവനം തേടുകയാണെന്നും ഇതിനായി രണ്ടാഴ്ച അനുവദിക്കണമെന്നും ദിലീപിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു. ദൃശ്യങ്ങളുടെ പകർപ്പ് ദിലീപിന് നൽകാനാവില്ലെങ്കിലും ഇതു കാണാൻ ദിലീപിനെ അനുവദിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ദൃശ്യങ്ങൾ ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് ലാബിൽ പരിശോധിച്ച് വിദഗ്ദ്ധാഭിപ്രായം തേടാൻ ഒരു വിദഗ്ദ്ധന്റെ സേവനം ആവശ്യമുണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചത്. ഇവ കാണാൻ മാത്രമാണ് അനുമതിയുള്ളതെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ദൃശ്യങ്ങളുടെ യാഥാർത്ഥ്യം ഫോറൻസിക് ലാബിൽ പരിശോധിച്ച് അഭിപ്രായം തേടാൻ സുപ്രീം കോടതി അനുവദിച്ചിട്ടുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകൻ വാദിച്ചു.
കേസ് ഡിസംബർ 11 ന്
ഇന്നലെ ദിലീപും ഒമ്പതാം പ്രതി സനൽ കുമാറും ഒഴികെയുള്ള പ്രതികൾ ഹാജരായി. ദിലീപ് അവധി അപേക്ഷ നൽകിയിരുന്നു. ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ സനൽ കുമാറിന്റെ രണ്ടു ജാമ്യക്കാരെ ഇന്നലെ വിളിച്ചു വരുത്തിയ കോടതി ഡിസംബർ 11 നകം ഇയാളെ കോടതിയിൽ ഹാജരാക്കാൻ നിർദ്ദേശിച്ചു. ഇതിനു സാധിച്ചില്ലെങ്കിൽ ജാമ്യക്കാർ 80,000 രൂപ വീതം കെട്ടി വയ്‌ക്കണം. പ്രതികളായ മാർട്ടിൻ ആന്റണി, വിജീഷ്, പ്രദീപ് എന്നിവരുടെ ജാമ്യാപേക്ഷയും കോടതി ഡിസംബർ 11 നു വിധി പറയാൻ മാറ്റി.