ആലുവ: നഗരത്തിൽ ഒട്ടോറിക്ഷകൾക്ക് ബോണറ്റ് നമ്പർ നൽകുന്നത് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണമെന്നും വിട്ടു പോയവരെ കൂട്ടിച്ചേർക്കണമെന്നും സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെറോം മൈക്കിൾ, പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, കൗൺസിലർ മനോജ് കൃഷ്ണൻ എന്നിവർ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടു.

നഗരസഭയ്ക്കും ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി അധ്യക്ഷയ്ക്കും ട്രാഫിക്ക് പൊലീസിനും ബോണറ്റ് നമ്പർ നല്കാനുള്ള അധികാരം ഹൈക്കോടതി തടഞ്ഞിട്ടുണ്ടെന്നും ഇതിനുള്ള അധികാരം ആർ.ടി.ഒ ക്കാണന്നും യോഗത്തിൽ നഗരസഭ സെക്രട്ടറി പറഞ്ഞു. ആലുവയിൽ ട്രാഫിക്ക് റെഗുലേറ്ററി കമ്മിറ്റി അദ്ധ്യക്ഷ എന്ന നിലയിൽ നഗരസഭ അദ്ധ്യക്ഷ ഒപ്പുവച്ച പട്ടികയാണ് ബോണറ്റ് നമ്പർ നൽകുന്നതിനായി പൊലീസിന്റെ പരിഗണനയിലുള്ളത്. ഈ ലിസ്റ്റിന് നിയമപമായ സാധുതയില്ലെന്നാണ് സെക്രട്ടറി കൗൺസിൽ മുമ്പാകെ അറിയിച്ചിട്ടുള്ളത്. മാത്രമല്ല, എ.ടി.പി (ആലുവ ടൗൺ പെർമിറ്റ്) എന്ന പേരിലാണ് ട്രാഫിക്ക് പൊലീസ് ബോണറ്റ് നമ്പർ തയ്യാറാക്കിയിട്ടുള്ളത്. ഇത്
എ.എം.പി (ആലുവ മുനിസിപ്പൽ പെർമിറ്റ്) എന്നാക്കുമെന്നും കൗൺസിലർമാർ പറഞ്ഞു.

മണപ്പുറം പാലത്തിൽ വൈദ്യുതി വെളിച്ചം നഗരസഭ ചെലവിൽ

ആലുവ: മണപ്പുറം നടപ്പാലത്തിന്റെ വൈദ്യുതി ചാർജ്ജ് നഗരസഭ വഹിക്കണമെന്ന ഭൂരിപക്ഷം കൗൺസിലർമാരുടെ ആവശ്യം യോഗം അംഗീകരിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷൻ ജെറോം മൈക്കിൾ, പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, കൗൺസിലർ മനോജ് കൃഷ്ണൻ എന്നിവരാണ് വിഷയം ഉന്നയിച്ചത്.

വർഷങ്ങളായി നഗരസഭയാണ് വൈദ്യുതി ചാർജ്ജ് നൽകിയിരുന്നത്. എന്നാൽ കഴിഞ്ഞ മാസം മുതൽ പണം അടക്കാതിരുന്നതിനെ തുടർന്ന് കെ.എസ്.ഇ.ബി വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. കോടതി ഉത്തരവ് പ്രകാരം ദേവസ്വം ബോർഡിനാണ് പാലം പരിപാലന ചുമതലയുള്ളത്.