കൊച്ചി: മറൈൻ ഡ്രൈവ് വാക്ക് വേയിലെ മാലിന്യങ്ങൾ ഇന്ന് തന്നെ നീക്കം ചെയ്യണമെന്നും കൊച്ചി കായലിലേക്ക് മാലിന്യങ്ങൾ തള്ളുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ഹൈക്കോടതി ജി.സി.ഡി.എയ്ക്കും കൊച്ചി നഗരസഭയ്ക്കും നിർദ്ദേശം നൽകി. മറൈൻ ഡ്രൈവിലെ ഫ്ളാറ്റുകളിൽ എഫ്ളുവന്റ് ട്രീറ്റ്മെന്റ് പ്ളാന്റുണ്ടെന്ന് നഗരസഭ ഉറപ്പാക്കാനും ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. മറൈൻഡ്രൈവിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ നാലു മാസത്തിനുള്ളിൽ ഹൈക്കോടതി അരഡസനോളം ഉത്തരവുകൾ നൽകിയിട്ടും നടപടിയില്ലെന്ന് ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി രഞ്ജിത്ത്. ജി. തമ്പി നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ജി.സി.ഡി.എ സെക്രട്ടറി ഇൻ - ചാർജ് ജിനുമോൾ വർഗ്ഗീസ്, നഗരസഭാ സെക്രട്ടറി ആർ. എസ്. അനു എന്നിവർക്കെതിരെയാണ് കോടതിയലക്ഷ്യ ഹർജി നൽകിയിട്ടുള്ളത്. എൻവയോൺമെന്റൽ മോണിറ്ററിംഗ് ഫോറത്തിലെ അംഗം കൂടിയായ രഞ്ജിത്ത്. ജി. തമ്പി നേരത്തെ നൽകിയ ഹർജിയിൽ മറൈൻ ഡ്രൈവിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ജൂലായ് 15 ന് നിർദ്ദേശങ്ങൾ നൽകിയിരുന്നു. 2.5 കിലോമീറ്റർ ദൂരം വരുന്ന മറൈൻ ഡ്രൈവ് മോടി പിടിപ്പിച്ചു സംരക്ഷിക്കാൻ അടിയന്തര നടപടി വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. ഹർജി പരിഗണിച്ച ഡിവിഷൻ ബെഞ്ച് മാലിന്യം വലിച്ചെറിയുന്നത് തടയാനും ടോയ്ലെറ്റ് - വഴിവിളക്ക് സൗകര്യങ്ങൾ ഒരുക്കാനും നടപടി വേണം, വാക്ക് വേയിലെ പൊട്ടിപ്പൊളിഞ്ഞ ടൈലുകൾ മാറ്റണം, ഇരിപ്പിടങ്ങളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണം, സി.സി.ടി.വി സ്ഥാപിക്കണം, പൊലീസ് നിരീക്ഷണം വേണം, വഴിയോരക്കച്ചവടക്കാരെ ഒഴിവാക്കണം എന്നിങ്ങനെ നിരവധി നിർദ്ദേശങ്ങൾ ഡിവിഷൻ ബെഞ്ച് നൽകിയിരുന്നു. ഇതിൽ നഗരസഭയും ജി.സി.ഡി.എയും സ്വീകരിച്ച നടപടികൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ അമിക്കസ് ക്യൂറിയെയും നിയോഗിച്ചിരുന്നു. നിർദ്ദേശങ്ങൾ പലതും പാലിക്കപ്പെട്ടില്ലെന്നാണ് അമിക്കസ് ക്യൂറി റിപ്പോർട്ട് നൽകിയത്. ഈ സാഹചര്യത്തിലാണ് നഗരസഭാ - ജി.സി.ഡി.എ സെക്രട്ടറിമാർക്കെതിരെ കോടതിയലക്ഷ്യ നടപടി വേണമെന്ന് ഹർജി നൽകിയത്.