കൊച്ചി : പുസ്തകങ്ങളെ സ്നേഹിക്കുന്നവർക്ക് സന്തോഷമേകി കൊച്ചി അന്താരാഷ്ട്ര പുസ്തക മേള. സാഹിത്യം, വിദ്യാഭ്യാസം, ആരോഗ്യം, കായികം,സംഗീതം, ആദ്ധ്യാത്മികം, നൃത്തം വാസ്തു, ബാലസാഹിത്യം, സംരംഭകത്വം തുടങ്ങി മൾട്ടിമീഡിയ സി.ഡി വരെ മേളയിൽ ലഭിക്കും. ഇന്ത്യൻ ഭാഷകൾക്ക് പുറമേ ഇംഗ്ളീഷ്, ഫ്രഞ്ച്, ജർമ്മൻ പുസ്തകങ്ങളും ഇവിടെയുണ്ട്.
നവംബർ 29 ന് ആരംഭിച്ച മേള മൂന്ന് ദിവസം പിന്നിടുമ്പോൾ ജനപങ്കാളിത്തം കൊണ്ടും ശ്രദ്ധേയമാവുകയാണ്. ഇരുപതിനായിരത്തോളം പേർ ഇതിനോടകം തന്നെ മേളയിലെത്തി.
സംസ്ഥാനത്തെ ഏറ്റവും വലിയ അന്താരാഷ്ട്ര പുസ്തകമേളയാണിതെന്ന് കെ.ഐ.ബി.എഫ് ചെയർമാൻ ഡോ.എം.സി.ദിലീപ് കുമാർ പറഞ്ഞു. പഞ്ചാംഗം പുസ്തകശാല, ശ്രീരാമകൃഷ്ണമഠം, മലയാള രാജ്യം , ഡി.സി. ബുക്സ് , കറന്റ് ബുക്സ് , നാഷണൽ ബുക്ക് ട്രസ്റ്റ് , അമൃതാനന്ദമയി മഠം , ചിൻമയ മിഷൻ , കുരുക്ഷേത്ര തുടങ്ങി അമ്പതോളം പ്രസാധകരുടെ 10000 ൽപ്പരം പുസ്തകങ്ങളാണ് മേളയിലുണ്ട്. വിവിധ പ്രസിദ്ധീകരണങ്ങൾ പ്രീ പബ്ളിക്കേഷൻ വിലയിൽ വാങ്ങാനും അവസരമുണ്ട്. നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ഇംഗ്ളീഷിലും മലയാളത്തിലുമുള്ള ബാല പ്രസിദ്ധീകരണങ്ങളുടെ പ്രത്യേക പ്രദർശവും വിൽപ്പനയും ഇതിനോടകം ശ്രദ്ധ നേടിക്കഴിഞ്ഞു.
പള്ളിമുക്ക് ഖാദി ഗ്രാമോദ്യോഗിന്റെ നാടൻ കെെത്തറി ഉത്പന്നങ്ങൾ, പാരമ്പര്യ നാട്ടുവെെദ്യൻമാരുടെ ഒൗഷധങ്ങൾ , ഭക്ഷ്യോത്പന്നങ്ങൾ തുടങ്ങിയവയും മേളയുടെ ഭാഗമായുണ്ട്.
കൊച്ചി അന്താരാഷ്ട്ര പുസ്തക മേളയുടെ ഭാഗമായി വിവിധ പുസ്തകങ്ങളുടെ പ്രകാശനം സാംസ്കാരിക കലാപരിപാടികൾ, സെമിനാറുകൾ , സാഹിത്യ ചർച്ചകൾ ,ക്ളാസിക്കൽ നൃത്തങ്ങൾ , ഗാനമേളകൾ , സാഹിത്യ പ്രതിഭകളുടെ സംഗമം, കുട്ടികളുടെ വിവിധ പരിപാടികൾ തുടങ്ങിയവയും മേളയെ സാംസ്കാരിക ഉത്സവമാക്കി മാറ്റുന്നു. മേള എട്ടിന് സമാപിക്കും.