കിഴക്കമ്പലം: നാടിന് ശാപമായി മാറിയ പ്ളാസ്റ്റിക്കിനെ പടിക്കു പുറത്താക്കാൻ പേഴ്സ് സഞ്ചിയുമായി പള്ളിക്കര ജെ.സി.ഐ. വീട്ടുപയോഗത്തിൽ പ്ലാസ്റ്റിക് കൂടുകൾ ഒഴിവാക്കാനുള്ള പദ്ധതിയാണിത്. നിത്യോപയോഗത്തിൽ പ്ളാസ്റ്റിക് കുറയ്ക്കുന്നതിന്റെ ഭാഗമായി ഓരോ വീടുകൾക്കും ഓരോ തുണി സഞ്ചി എന്ന ആശയം നടപ്പിൽ വരുത്തുകയാണ്.
ഒരു തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിർമ്മാണവും വില്പനയും സൂക്ഷിക്കലും 2020 ജനുവരി ഒന്നു മുതൽ സംസ്ഥാനത്ത് നിരോധിക്കാൻ സർക്കാർ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് നിരോധന നടപടികൾ കർശനമായി പാലിക്കാനും ബദൽ ഉല്പന്നങ്ങൾ പരിചയപ്പെടുത്തുക എന്ന ലക്ഷ്യവും സഞ്ചിയുടെ നിർമ്മാണത്തിനു പിന്നിലുണ്ട്.
ആദ്യ തുണി സഞ്ചി ജെ.സി.ഐ പ്രസിഡന്റ് ലിജു സാജു കുന്നത്തുനാട് എം.എൽ.എ സജീന്ദ്രന് നൽകി ഉദ്ഘാടനം ചെയ്തു . പഞ്ചയത്ത് പ്രസിഡൻറ് കെ.കെ പ്രഭാകരൻ ,വൈസ് പ്രസിഡന്റ് നെസ്സി ഉസ്മാൻ ബ്ലോക്ക് പഞ്ചായത്തംഗം രമേശ് ,സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ ടി.വി ശശി ,പള്ളിക്കര ജെ.സി.ഐ സെക്രട്ടറി കെ.എച്ച് ഇബ്രാഹിം, വി.ആർ രാജിവ്, സണ്ണി വർഗ്ഗീസ് ,അരുൺ കുമാർ, തൻസിഫ് സലിം ,ജിൻസി ലിജു തുടങ്ങിയവർ സംബന്ധിച്ചു.
ലക്ഷ്യം പ്ലാസ്റ്റിക്ക് വിമുക്ത ഗ്രാമം
പ്ലാസ്റ്റിക് നിരോധനം പൂർണമായി അനുവർത്തിച്ച് പ്രകൃതി സൗഹൃദ ബദൽ ഉല്പന്നങ്ങളുടെ ഉപയോഗത്തിന് പ്രചാരം വർദ്ധിപ്പിക്കാനും ജെ.സി.ഐ ലക്ഷ്യമിടുന്നുണ്ട്. വീടുകളിൽ നേരിട്ടെത്തിച്ച് പ്ളാസ്റ്റിക്കിന്റെ ദൂക്ഷ്യ വശങ്ങളെ കുറിച്ച് വീട്ടുകാരെ ബോധവത്ക്കരിച്ച് സഞ്ചിയുടെ ഉപയോഗത്തിന്റെ പ്രാധാന്യം അറിയിച്ചാണ് വിതരണമെന്ന് ജെ.സി.ഐ പ്രസിഡന്റ് ലിജു സാജു പറഞ്ഞു. ആദ്യ ഘട്ടത്തിൽ കുന്നത്തുനാട് പഞ്ചായത്തിലെ ചിറ്റനാട് വാർഡിലാണ് വിതരണം. തുടർന്ന് പഞ്ചായത്ത് മുഴുവൻ വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.
പേഴ്സ് സഞ്ചി
മടക്കി വച്ചാൽ മനോഹരമായ പേഴ്സ് , നിവർത്തിയാൽ വലിയ സഞ്ചി. ഇത്തരത്തിൽ പുറത്ത് പോകുന്നവർക്ക് സൗകര്യമായി കൈയിൽ കരുതാവുന്ന വിധമാണ് പേഴ്സ് സഞ്ചിയു രൂപകല്പന. വീട്ടിലേയ്ക്ക് വേണ്ട നിത്യോപയോഗ സാധനങ്ങൾ മുഴുവൻ കൊള്ളുന്ന വിധമാണ് നിർമ്മാണം. പത്ത് കിലോ വരെ ഭാരം സഞ്ചി വഹിക്കും.
കഴുകി വീണ്ടും ഉപയോഗിക്കാവുന്നതുമാണ്.
വില 65 രൂപ